തമിഴ്‌നാട്ടില്‍ ദളിത് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

single-img
16 February 2020

ചെന്നൈ: വില്ലുപുരം പട്ടണത്തിന് സമീപം പരസ്യമായി മലമൂത്ര വിസര്‍ജ്ജനം നടത്തിയെന്ന് ആരോപിച്ച് ദളിത് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു.വില്ലുപുരം പെട്രോള്‍ പമ്പിലെ തൊഴിലാളിയായ ശക്തിവേലാണ് കൊല്ലപ്പെട്ടത്. ജോലിക്ക് പോകുന്നതിനിടെ ഇയാള്‍ക്ക് വയറിന് അസ്വസ്ഥത തോന്നിയതിനാല്‍ തുറന്ന സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം നടത്താനിരുന്നു. എന്നാല്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയാണെന്ന് സംശയിച്ച് ഒരു സ്ത്രീ ശക്തിവേലുവിനെ ചോദ്യം ചെയ്തു. ഇതേതുടര്‍ന്ന് തന്നോട് മോശമായി പെരുമാറിയതായി സ്ത്രീ സംഘം ആളുകളോട് പറയുകയായിരുന്നു.

ഇതേതുടര്‍ന്ന് ശക്തിവേലുവിനെ ഓടിച്ചിട്ട് പിടിച്ച് കാലും കൈയ്യും കെട്ടിയ ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലിസും ഇദേഹത്തെ ആശുപത്രിയിലെത്തിച്ചില്ലെന്നും തങ്ങളെത്തിയപ്പോഴേക്കും മരിച്ചിരുന്നുവെന്നും ശക്തിവേലുവിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. ആദിദ്രാവിഡ സമുദായക്കാരനാണ് ശക്തിവേലു. വണ്ണിയാര്‍ ജാതിക്കാരാണ് അദേഹത്തെ മര്‍ദ്ദിച്ചത്.