‘കൊവിഡ് 19 നിസാര പനി, ആരും മരിക്കില്ല’; ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനക്ക് പിന്നാലെ ബ്രസീല്‍ പ്രസിഡന്റ് ഐസൊലേഷനില്‍

single-img
3 April 2020

സാവോ പോളോ: ലോകം മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധം കൊറോണ എന്ന മരണം വിതക്കുന്ന മഹാമാരിക്ക് മുന്നിൽ പകച്ചു നിൽക്കുകയാണ്. അപ്പോഴും ഇതൊന്നും തങ്ങളെ ബാധിക്കുന്നതല്ല എന്ന ബുദ്ധി ശൂന്യമായ നിലപാടുകൾ കൈക്കൊള്ളുന്ന ഭരണാധിപന്മാർ തന്നെയാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തങ്ങൾ കോവിഡ് രോഗബാധയെത്തുടർന്ന് യുഎസിൽ ആയിരങ്ങൾ മരിക്കുമ്പോഴും നടപടിയെടുക്കാൻ വൈകിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെക്കാൾ അപകടകാരിയായ നേതാവ്, ബ്രസീലിലെ തീവ്ര വലതുപക്ഷക്കാരനായ പ്രസിഡന്റ് ജെയർ ബോൾസോനാരോയ്ക്കു രാജ്യാന്തര മാധ്യമങ്ങൾ നൽകിയ വിശേഷണമാണിത്. രാജ്യം കോവിഡിനു മുന്നില്‍ അടിയറവു പറഞ്ഞതോടെ മുൻനിലപാടുകൾ തിരുത്താനും കോവിഡിനെതിരെ പ്രതിരോധ നടപടികൾ സ്വീകരിക്കാനും ട്രംപ് തയാറായെങ്കിലും വിവാദ പ്രസ്താവനകളും നിലപാടുകളുമായി രാജ്യത്തിനു തന്നെ അനഭിമതനായി മാറുകയാണ് ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ.

കൊവിഡ് ചെറിയ പനി മാത്രമാണെന്നും പേടിക്കേണ്ടെന്നും ലോക്ക്ഡൗണ്‍ ആവശ്യമില്ലെന്നുമാണ് ബൊല്‍സാനരോ പ്രസംഗിച്ചത്. തലസ്ഥാനമായ റിയോ ഡി ജനീറോയിലെ തെരുവിൽ അനുയായികള്‍ക്കും തെരുവു കച്ചവടക്കാർക്കുമിടയിൽ കഴിഞ്ഞ ദിവസം പ്രസംഗിക്കുകയായിരുന്നു ജെയർ ബോൾസോനാരോ. ‘‘ഞാൻ തുടക്കം മുതലേ ആവർത്തിക്കുന്നത് ഒരേ ഒരേ കാര്യമാണ്. കടകളും സ്ഥാപനങ്ങളും അടച്ചിട്ടുള്ള കോവിഡ് പ്രതിരോധം ഗുണത്തേക്കാൾ ഏറെ ദോഷമാകും ചെയ്യുക. വീട്ടിൽ അടച്ചിട്ടിരിക്കാതെ ജനം ജോലിക്കു പോകണമെന്നാണു ഞാൻ പറയുന്നത്. ലോക്ഡൗൺ ബ്രസീൽ സമ്പദ് വ്യവസ്ഥയുടെ നടുവൊടിക്കും. കോവിഡ് വന്നാൽ സംഭവിക്കാൻ പോകുന്ന നഷ്ടം അതുമായി താരതമ്യം ചെയ്യുമ്പോൾ നിസാരമായിരിക്കും.ഇതൊരു ചെറിയ പനി മാത്രമാണ്. കോവിഡ് കൊണ്ടെന്നും നിങ്ങൾ മരിക്കാൻ പോകുന്നില്ല.’’ബോൾസോനാരോ പറഞ്ഞു.

അതേസമയം, ശനിയാഴ്ച മുതല്‍ ബൊല്‍സാനരോയും ഐസൊലേഷനിലാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബൊല്‍സാനരോയും സമ്പര്‍ക്ക വിലക്കിലായിരുന്നു. പിന്നീട് വീണ്ടും സജീവമായി.കൊവിഡിന്റെ തുടക്കത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എന്നിവരും വേണ്ടത്ര ഗൗരവത്തോടെ കാര്യങ്ങളെ സമീപിച്ചില്ലെന്ന വിമര്‍ശനമുയര്‍ന്നിരുന്നു.