കൊവിഡ് 19 മരുന്നുകൾക്കു പുറമെ ടെസ്റ്റിംഗ് കിറ്റുകളുടെ കയറ്റുമതിയിലും നിയന്ത്രണം ഏർപ്പെടുത്തി ഇന്ത്യ…

single-img
5 April 2020

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ കൊവിഡ് ടെസ്റ്റിംഗ് കിറ്റുകളുടെ കയറ്റുമതിയില്‍ നിയന്ത്രണമേര്‍പ്പെടുത്തി ഇന്ത്യ. കൊവിഡ് ബാധിതരുടെ എണ്ണം 3350 പിന്നിട്ടതിനു പിന്നാലെയാണ് തീരുമാനം.

നേരത്തെ തന്നെ കൊവിഡ് പ്രതിരോധ മരുന്നുകളുടെയും, മാസ്‌കുകളുടെയും സുരക്ഷാ സാമഗ്രികളുടെയും കയറ്റുമതി ഇന്ത്യ നിര്‍ത്തിവെച്ചിരുന്നു. രാജ്യത്ത് ഇതുവരെ 77 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.നേരത്തെ കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കയറ്റുമതി ഇന്ത്യ നിര്‍ത്തിവെച്ചിരുന്നു.

ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നു.മോദിയുമായി ഇതു സംബന്ധിച്ച് ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നാണ് ട്രംപ് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.

“ഇന്ന് രാവിലെ മോദിയുമായി ഇതേ പറ്റി ഞാന്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. അവര്‍ വലിയ അളവില്‍ ഹൈഡ്രോക്ലോറോക്സിന്‍ നിര്‍മിക്കുന്നുണ്ട്. ഇന്ത്യ ഇത് ഗൗരവമായി എടുത്തിട്ടുണ്ട് ” ട്രംപ് പറഞ്ഞു.