പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം : സമൂഹ വ്യാപന സാധ്യതകൾ ഒരുക്കി അങ്ങിങ്ങായി ജനങ്ങൾ തടിച്ചു കൂടി

single-img
6 April 2020

കോവിഡ് വിരുദ്ധപോരാട്ടത്തിന് ഐക്യം വിളംബരംചെയ്ത് രാജ്യമെങ്ങും ദീപപ്രഭ. പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ലൈറ്റുകള്‍ അണച്ച് രാജ്യം വീടുകളില്‍ ദീപം തെളിയിച്ചു.ഞായറാഴ്ച രാത്രി ഒമ്പതുമണിക്കാണ് ഐക്യദീപം തെളിയിക്കല്‍ ആരംഭിച്ചത്. ഒമ്പതു മിനുട്ട് നേരത്തേക്ക് ഐക്യദീപം തെളിയിക്കല്‍ നീണ്ടുനിന്നു.

അതേസമയം പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സമൂഹ വ്യാപന സാധ്യതകൾ ഒരുക്കി അങ്ങിങ്ങായി ജനങ്ങൾ തടിച്ചു കൂടിയത് വീണ്ടും വിമർശനങ്ങൾക്ക് വഴിവച്ചു.പ്രധാനമന്ത്രിയെ അനുസരിച്ച് ദീപം തെളിക്കുന്നതിനിടെ പടക്കം പൊട്ടിച്ച് കെട്ടിടത്തിന്​ തീപിടിച്ചു. രാജ്യമൊട്ടാകെ നടന്ന കോവിഡ് പ്രതിരോധ യ‍ഞ്ജത്തിന്റെ ഭാഗമായാണ് പടക്കം പൊട്ടിച്ചത്. രാജസ്ഥാനിലെ ജയ്​പൂരിലാണ്​ സംഭവം. മാധ്യമപ്രവര്‍ത്തകനായ മാഹിം പ്രതാപ് സിങാണ് സംഭവം റിപ്പോർട്ട്​ ചെയ്​തത്​. ആർക്കും അപകടമില്ലെന്നും തീയണച്ചതായും അധികൃതർ അറിയിച്ചെന്ന്​​ മാഹിം പ്രതാപ് സിങ്​ ട്വിറ്റ് ചെയ്തു.

ഒൻപത് മിനിറ്റ് നേരം വീട്ടിലെ ലൈറ്റണച്ച്, മെഴുകുതിരിയോ ചെരാതോ ടോർച്ചോ മൊബൈൽ ഫ്ലാഷോ തെളിക്കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദേശം. വെള്ളിയാഴ്ച രാവിലെ 9നു പുറത്തുവിട്ട 11 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ സന്ദേശത്തിലായിരുന്നു ആഹ്വാനം. സാമൂഹിക അകലത്തിന്റെ ലക്ഷ്മണ രേഖ പാലിച്ചുവേണം ദീപം തെളിക്കലെന്നും ആരും വീടിനു പുറത്തിറങ്ങരുതെന്നും പ്രധാനമന്ത്രി നിർദേശിച്ചിരുന്നു.കൊറോണ വ്യാപനത്തിനെതിരേ സംഘടിപ്പിച്ച ജനതാ കര്‍ഫ്യൂ, ലോക്ക്ഡൗണ്‍ നടപടികളുടെ തുടര്‍ച്ചയെന്ന നിലയിലാണ് ഐക്യദീപം തെളിക്കല്‍ ആശയം പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്.അന്ധകാരമകറ്റാൻ വെളിച്ചം തെളിഞ്ഞു : കൊറോണ വ്യാപനത്തിന്റെ ഇരുട്ടിനെതിരേ ഐക്യദീപം തെളിയിച്ച് രാജ്യം