അർണബിൻ്റെ ചാനൽ മുംബെെ നഗരം കാണേണ്ട എന്നു തീരുമാനിച്ച് ശിവകേബിൾസേന: അർണബ് നൽകിയ ഹർജി ഹെെക്കോടതിയും തള്ളി

single-img
13 September 2020

റിപ്പബ്ലിക് ടിവി മേധാവി അർണബ് ഗോസ്വാമിയും ശിവസേനയും തമ്മിൽ തുറന്ന പോരിലേക്ക്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വാർത്തകളിലൂടെ അപമാനിക്കുന്ന അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് മീഡിയ നെറ്റ്‌വർക്ക് ബഹിഷ്കരിക്കാൻ ശിവകേബിൾസേന കേബിൾ ഓപ്പറേറ്റർമാരോട് ആവശ്യപ്പെട്ടതോടെയാണ് പോര് ആരംഭിച്ചത്. കേബിൾ ടി.വി. ഓപ്പറേറ്റർമാരുടെ ബഹിഷ്കരണനീക്കത്തിനെതിരേ റിപ്പബ്ലിക്കൻ ടി.വി. നെറ്റ് വർക്ക് ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി പരിഗണിച്ചില്ല. 

ജസ്റ്റിസുമാരായ മിലിന്ദ് ജാദവ്, നിതിൻ ജാംദാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഹൈക്കോടതി പരിഗണിക്കേണ്ട ഹർജിയല്ല ഇതെന്നാണ് വ്യക്തമാക്കിയത്. ടെലികോം ഡിസ്പ്യൂട്ട് അപ്പലേറ്റ് ട്രിബ്യൂണലിനെയാണ് സമീപിക്കേണ്ടതെന്ന് അറിയാമെങ്കിലും ഈ സ്ഥാപനം സെപ്റ്റംബർ 18 വരെ അവധിയായതിനാൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നുവെന്നാണ് റിപ്പബ്ലിക് ടിവിയുടെ അഭിഭാഷകൻ ഹെെക്കോടതിയിൽ പറഞ്ഞത്. 

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തെത്തുടർന്ന് മുംബൈ പോലീസിനെതിരേയും ഉദ്ധവ് താക്കറെയ്ക്കെതിരേയും അർണബ് ഗോസ്വാമി രംഗത്തുവന്നിരുന്നു. കങ്കണ-അർണബ് കൂട്ടുകെട്ടിനെ വിമർശിച്ച് ശിവസേനാനേതാക്കളും രംഗത്തുവരികയുണ്ടായി. ഈ സാഹചര്യത്തിലാണ് ശിവകേബിൾസേന അർണാബിന് എതിരെ രംഗത്തെത്തിയത്. മുംബൈ നഗരത്തിൽ പ്രവർത്തിക്കുന്ന കേബിൾ ഓപ്പറേറ്റർമാരുടെ പ്രബലസംഘടനയാണ് ശിവകേബിൾസേന. 

ഇതിനിടെ ഉദ്ധവ് താക്കറെയുടെ റായ്ഗഢിലെ ഫാംഹൗസിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ച റിപ്പബ്ലിക് ചാനൽ പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. മാധ്യമസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണിതെന്ന പ്രതികരണമാണ് അർണബ് ഗോസ്വാമി പൊലീസ് നപടിക്ക് എതിരെ നടത്തിയത്.