കറൻസിയിൽ മെസ്സിയുടെ ചിത്രം ഉൾപെടുത്താൻ അർജന്റീന
ഖത്തർ ഫുട്‌ബോൾ ലോകകപ്പ് വിജയത്തിന് പിന്നാലെ അർജന്റീനയുടെ ഔദ്യോഗിക കറൻസിയിൽ ലയണൽ മെസിയുടെ ചിത്രം ഉൾപ്പെടുത്താൻ നിർദേശം. അർജന്റീന സെൻട്രൽ ബാങ്ക് രാജ്യത്തെ ആയിരം പെസോയുടെ കറൻസിയിലാണ് ചിത്രം ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അർജന്റീനയിലെ സാമ്പത്തിക പത്രമായ എൽ ഫിനാൻസിയറോയാണ് ഈ വിവരം പുറത്തുവിട്ടത്. രാജ്യത്തെ സെൻട്രൽ ബാങ്കിലെ അംഗങ്ങൾ ഇക്കാര്യം ‘തമാശയായി’ നിർദ്ദേശിച്ചതാണെന്നും എൽ ഫിനാൻസിയറോ റിപ്പോർട്ട് ചെയ്തു.
നേരത്തെ മെസിയുടെ ചിത്രം കറൻസിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ലോകകപ്പ് ഫൈനലിന് മുമ്പ് തന്നെ അധികാരികൾ ചർച്ചകൾ നടത്തിയിരുന്നു. ഇതിനു മുൻപ്, മുൻ പ്രസിഡന്റ് ജുവാൻ ഡൊമിംഗോ പെറോണിന്റെ ഭാര്യ ഇവാ പെറോണിന്റെ 50-ാം ചരമവാർഷികവും 1978-ൽ അർജന്റീനയുടെ ഹോം ഗ്രൗണ്ടിലെ ആദ്യ ലോകകപ്പ് വിജയവും അടയാളപ്പെടുത്തുന്നതിനായി ബാങ്ക് മുമ്പ് സ്മരണിക നാണയങ്ങൾ പുറത്തിറക്കിയ ചരിത്രവും അർജന്റീനയ്ക്ക് ഉണ്ട്.