ഖത്തർ ലോകകപ്പ്: ലിംഗസമത്വ സന്ദേശം ഉൾക്കൊള്ളുന്ന ജഴ്‌സി അവതരിപ്പിക്കാൻ അർജന്റീന

single-img
31 August 2022

ഇത്തവണ നടക്കാനിരിക്കുന്ന ഖത്തർ ലോകകപ്പിൽ ലിംഗസമത്വ സന്ദേശം ഉൾക്കൊള്ളുന്ന പർപ്പിൾ എവേ ജഴ്‌സി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് അർജന്റീന. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ ദേശീയ പതാകയിലെ ഉദയസൂര്യന്റെ കിരണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഗ്രാഫിക്‌സുളള പർപ്പിൾ കിറ്റ് ധരിച്ചായിരിക്കും മെസ്സിയും സംഘവും ഖത്തറിൽ കളിക്കാൻ ഇറങ്ങുക

മെസ്സി ഉൾപ്പെടെയുള്ള താരങ്ങൾ ജഴ്‌സി ലോഞ്ചിങ്ങിൽ പങ്കെടുത്തു. അഡിഡാസാണ് കിറ്റ് സ്‌പോൺസർമാർ. ‘എവേ കിറ്റിന് അർജന്റീന പർപ്പിൾ നിറം തിരഞ്ഞെടുത്തത് ലിംഗസമത്വം, വൈവിധ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട ശക്തമായ സന്ദേശമാണ് ലോകത്തിന് നൽകുന്നതെന്ന്’ അഡിഡാസ് പ്രതികരിച്ചു. പരമ്പരാഗത നേവി ബ്ലൂ, ബ്ലാക്ക് എവേ കിറ്റുകളിൽ നിന്ന് വ്യത്യസ്തമായ പുതിയ ജേഴ്സിക്ക് ആരാധകരിൽനിന്ന് വ്യാപക പ്രശംസയാണ് ലഭിച്ചത്.

ഏകദേശം 28,999 പെസോയാണ് ഒരു ജഴ്‌സി കിറ്റിന്റെ വില. 16,999 പെസോയുടെ പാക്കേജും ലഭ്യമാണെന്ന് അഡിഡാസ് വെബ്‌സൈറ്റ് പറയുന്നു. അർജന്റീനയ്‌ക്കൊപ്പം ജർമനി, ജപ്പാൻ, മെക്‌സികോ, സ്‌പെയിൻ ടീമുകളുടെ ജഴ്‌സികളും അഡിഡാസ് പുറത്തിറക്കിയിട്ടുണ്ട്. നവംബർ 20നാണ് ഖത്തർ ലോകകപ്പ് ആരംഭിക്കുന്നത്.