ഡിമാൻഡ് കൂടി; അർജൻ്റീനയുടെ ജഴ്സി പല രാജ്യങ്ങളിലും കിട്ടാനില്ല

single-img
17 December 2022

ഖത്തർ ലോകകപ്പിൽ തൻ്റെ കരിയറിലെ ആദ്യ ലോകകപ്പ് സ്വന്തമാക്കാൻ ലയണൽ മെസ്സി സ്വപ്നം നെയ്യുമ്പോൾ സ്‌പോർട്‌സ് വസ്‌ത്ര ഭീമനായ അഡിഡാസ് പുറത്തിറക്കുന്ന അർജൻ്റീനയുടെ ജഴ്സികൾക്ക് ദൗർലഭ്യം നേരിടുന്നതായി റിപ്പോർട്ടുകൾ.

ജർമ്മനിയിൽ നിന്നുള്ള സ്പോർട്സ് വെയർ നിർമ്മാതാക്കളായ അഡിഡാസിൻ്റെ അർജൻ്റീനിയൻ ജഴ്സികൾക്ക് ആഗോളവ്യാപകമായി വൻ ഡിമാൻ്റാണ് ഉയർന്നിരിക്കുന്നതെന്ന് അന്താരാഷ്‌ട്ര മാധ്യമമായ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. വരുന്ന ഞായറാഴ്ച ഫ്രാൻസിനെതിരായ അർജൻ്റീനയുടെ ലോകകപ്പ് ഫൈനലിന് മുന്നോടിയായി ഇക്കാര്യം ചൂണ്ടിക്കാട്ടി അഡിഡാസ് രംഗത്തെത്തിയിരിക്കുകയാണ്.

ഇത്തവണ അർജൻ്റീന കപ്പ് സ്വന്തമാക്കുവാൻ കൂടുതൽ സാധ്യത നിലനിൽക്കുന്നതിനാൽ ജഴ്സികളുടെ ഉത്പാദനം വർദ്ധിപ്പിക്കാനുള്ള നീക്കങ്ങളും അഡിഡാസ് ആരംഭിച്ചിട്ടുണ്ട്. “ലോകമാകെയുള്ള അഡിഡാസിൻ്റെ അർജൻ്റീന ലോകകപ്പ് ജേഴ്സികൾക്ക് അസാധാരണമായ ഡിമാൻഡാണ് ഏർപ്പെട്ടിരിക്കുന്നത്. ചില രാജ്യങ്ങളിൽ ഞങ്ങൾക്ക് സ്റ്റോക്ക് വളരെ കുറവാണ്”- അഡിഡാസ് ബ്രാൻ്റിൻ്റെ വക്താവ് റോയിട്ടേഴ്സിനോട് വ്യക്തമാക്കി.

ഇപ്പോഴത്തെ സാഹചര്യത്തിൽ ആരാധകർക്ക് കൂടുതൽ ജേഴ്‌സികൾ ലഭ്യമാക്കുന്നതിനായി കമ്പനി പ്രവർത്തിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. അർജൻ്റീനയുടെ ആരാധകർക്ക് അവരുടെ പ്രിയ ടീമിൻ്റെ വിജയം അഡിഡാസിനൊപ്പം ആഘോഷിക്കാൻ കഴിയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഖത്തറിൽ നടന്ന ടൂർണമെൻ്റിൽ അഡിഡാസ് സ്‌പോൺസർ ചെയ്‌ത ഒരേയൊരു ടീം മാത്രമാണ് പ്രീ ക്വാർട്ടർ കടന്നത്. അത് അർജൻ്റീനയായിരുന്നു. ഇക്കുറി അർജൻ്റീനിയൻ ജഴ്സികൾക്ക് മാത്രമല്ല സ്പോർട്സ് ഉത്പന്നങ്ങൾക്കും ആവശ്യക്കാരേറെയുണ്ട്. ഈ വർഷം ഫുട്ബോൾ വിൽപ്പന 30% വർദ്ധിച്ചതായും അദ്ദേഹം പറഞ്ഞു.