ഇഡ്ഡലിയെച്ചൊല്ലി തര്‍ക്കം, കര്‍ണാടകയില്‍ രണ്ടുപേരെ വെട്ടിക്കൊന്നു


കര്‍ണാടകയിലെ ശിവമോഗ ജില്ലയിലുള്ള തീര്‍ഥഹള്ളിയില്‍ ഇഡ്ഡലിയെച്ചൊല്ലിയുണ്ടായ തര്‍ക്കം രണ്ടുപേരുടെ കൊലപാതകത്തില്‍ കലാശിച്ചു. കെട്ടിടനിര്‍മാണ തൊഴിലാളികളായ ദാവണഗെരെ സ്വദേശി ബീരേഷ് (35), മഞ്ജപ്പ (46) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ നിര്‍മാണത്തിലുള്ള വിശ്വകര്‍മ കമ്യൂണിറ്റി ഹാളില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
പ്രതിയായ രാജണ്ണയെന്ന തൊഴിലാളിയെ തീര്‍ഥഹള്ളി പോലീസ് അറസ്റ്റുചെയ്തു. സംഭവം നടന്ന ദിവസം രാവിലെ കെട്ടിടനിര്‍മാണ തൊഴിലാളികള്‍ക്കായി രാജണ്ണയാണ് ഇഡ്ഡലി തയ്യാറാക്കിയിരുന്നത്. രാത്രിയില്‍ കഴിക്കാനും ഇവർക്ക് ഇഡ്ഡലിയാണെന്ന് രാജണ്ണ തൊഴിലാളികളോട് പറഞ്ഞു. എന്നാൽ ഇത് ഇഷ്ടപ്പെടാത്തതിനാല്‍ ബീരേഷും മഞ്ജപ്പയും രാജണ്ണയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും മര്‍ദിക്കുകയും ചെയ്തു.
അതിനുള്ള പ്രതികാരമായി രാത്രി ബീരേഷും മഞ്ജപ്പയും ഉറങ്ങുന്ന സമയത്ത് രാജണ്ണ പിക്കാസ് ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അരഗ ജ്ഞാനേന്ദ്ര എം.എല്‍.എ, എസ്.പി. മിഥുന്‍ കുമാര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.