ഒരാളെ പുകഴ്ത്തിയതിന്റെ പേരില്‍ ആരെയും പിരിച്ചുവിടില്ല; പുതുപ്പള്ളി ഉപതിരെഞ്ഞെടുപ്പ് കഴിയുംവരെ ഇത്തരം വാദങ്ങള്‍ വന്നുകൊണ്ടേയിരിക്കും: മന്ത്രി എംബി രാജേഷ്
മുൻ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയെ പുകഴ്ത്തിയതിന് ജോലിയില്‍ നിന്നും പുറത്താക്കിയെന്ന സതിയമ്മയുടെ വാദം പരിഹാസ്യമെന്ന് മന്ത്രി എം ബി രാജേഷ്. ഒരാളെ പുകഴ്ത്തിയതിന്റെ പേരില്‍ ആരെയും പിരിച്ചുവിടില്ലെന്നും അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളി മണ്ഡലത്തിലെ ഉപതിരെഞ്ഞെടുപ്പ് കഴിയുംവരെ ഇത്തരം വാദങ്ങള്‍ വന്നുകൊണ്ടേയിരിക്കും. ഇതിനെ നിഷ്‌ക്കളങ്കമായി കാണുന്നില്ലെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. അതേ സമയം, സതിയമ്മയുടെ തൊഴില്‍ കാലാവധി തീര്‍ന്നതിനാല്‍ മറ്റൊരാളെ പകരം നിയമിക്കുകയായിരുന്നുവെന്ന് മന്ത്രി ചിഞ്ചുറാണി പ്രതികരിച്ചു. കാലാവധി കഴിഞ്ഞിട്ടും അവര്‍ ജോലിക്ക് വന്നിരുന്നുവെന്നും മന്ത്രി പറഞ്ഞു.
കൈതേപ്പാലം മൃഗാശുപത്രിയില്‍ താത്ക്കാലിക ജീവനക്കാരിയായ പുതുപ്പള്ളി സ്വദേശിയായ സതിയമ്മയ്ക്കാണു ജോലി നഷ്ടമായത്. ചാനല്‍ റിപ്പോര്‍ട്ടര്‍മാരോട് ഉമ്മന്‍ ചാണ്ടി ചെയ്ത സഹായങ്ങളെക്കുറിച്ചു പങ്കുവച്ചതിനാണു നടപടിയെന്നാണ് ഇവരുടെ ആരോപണം.