ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റുന്ന ബിൽ രാഷ്ട്രപതിക്ക് വിടാനൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റുന്ന ബിൽ രാഷ്ട്രപതിക്ക് വിടാനൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ കൂടി ബാധിക്കുന്ന ബില്ലിൽ തനിക്ക് മുകളിലുള്ളവർ തീരുമാനമെടുക്കട്ടെ എന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഗവർണറുടെ പ്രതികരണം.
അതേസമയം ചാൻസലർ ബിൽ ഒഴികെ കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ 16 ബില്ലുകളിലും ഗവർണർ ഇന്ന് ഒപ്പിട്ടു ചാൻസലർ ബില്ലിൽ ഗവർണർ നേരത്തെ നിയമോപദേശം തേടിയിരുന്നു. ബില്ലിൽ വിശദമായ പരിശോധന നടത്താനാണ് രാജ്ഭവന്റെ നീക്കം. യു.ജി.സിയുടെ അഭിപ്രായവും ഗവർണർ തേടിയിട്ടുണ്ട്.
സർക്കാറും ഗവർണറും തമ്മിൽ വെടിനിർത്തുന്നതിന്റെ സൂചന നൽകി നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണറെ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം ക്ഷണിച്ചിരുന്നു. ഇന്നലെ രാവിലെ ചേർന്ന മന്ത്രിസഭാ യോഗം പതിഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനം പിരിയുന്നതായി ഔദ്യോഗികമായി ഗവർണറെ അറിയിക്കാൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ 13ന് സമ്മേളനം തീർന്നെങ്കിലും ഇതുവരെ ഗവർണറെ അറിയിച്ചിരുന്നില്ല. നയപ്രഖ്യാപന പ്രസംഗം നീട്ടി കഴിഞ്ഞ സമ്മേളനത്തിന്റെ തുടർച്ചയായി ബജറ്റ് അവതരിപ്പിക്കാനുള്ള നീക്കമാണ് സർക്കാർ ഉപേക്ഷിച്ചത്.