ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കാനൊരുങ്ങി ആരിഫ് മുഹമ്മദ് ഖാന്‍

single-img
10 November 2022

തിരുവനന്തപുരം: ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം തീരുമാനിച്ചതോടെ, ഒപ്പിടാതെ രാഷ്ട്രപതിക്ക് അയയ്ക്കുന്നത് പരിഗണനയിലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

ചാന്‍സലര്‍ പദവി എടുത്തുമാറ്റുന്ന കരട് ബില്‍ ഡിസംബര്‍ അഞ്ചിന് പ്രത്യേക നിയമസഭാസമ്മേളനം വിളിച്ച്‌ അവതരിപ്പിക്കാനായിരുന്നു ആലോചന. ഉടനടി നടപടിയിലേക്ക് നീങ്ങണമെന്ന രാഷ്ട്രീയ നിലപാടിനെ തുടര്‍ന്നാണ് ഓര്‍ഡിനന്‍സിന് തീരുമാനമായത്. പക്ഷേ ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി അന്തിമതീരുമാനമെടുക്കും വരെ പകരമുള്ള ബില്‍ സഭയില്‍ കൊണ്ടുവരാനാവില്ല.

ഗവര്‍ണര്‍ക്ക് എതിരായ രാഷ്ട്രീയസന്ദേശമായാണ് ഓര്‍ഡിനന്‍സിനെ കാണുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷവും ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്.
ബന്ധപ്പെട്ട മേഖലയിലെ അതിപ്രഗത്ഭരെ ചാന്‍സലര്‍മാരാക്കുകയാണ് ഓര്‍ഡിനന്‍സിന്റെ പ്രത്യക്ഷ ലക്ഷ്യം. ‘ഗവര്‍ണര്‍ അദ്ദേഹത്തിന്റെ പദവി മുഖാന്തിരം ചാന്‍സലര്‍ കൂടിയായിരിക്കും’ എന്നാണ് സംസ്ഥാനത്തെ 14 സര്‍വകലാശാലകളിലെയും നിയമവ്യവസ്ഥ. ഓരോ സര്‍വകലാശാലാ നിയമത്തിലും ഈ വകുപ്പ് നീക്കി വേണം ഭേദഗതി വരുത്താന്‍. അതിന് നിര്‍ദ്ദേശിക്കുന്ന ഓര്‍ഡിനന്‍സാണ് മന്ത്രിസഭ അംഗീകരിച്ചത്.

ചാന്‍സലര്‍ പദവിയില്‍ നിന്ന് തന്നെ മാറ്റാനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പുവയ്ക്കാതെ രാഷ്ട്രപതിക്ക് അയച്ചാല്‍, രാഷ്ട്രപതി കേന്ദ്രത്തിന്റെ ഉപദേശം തേടും. ഗവര്‍ണര്‍ക്ക് വിരുദ്ധമായി കേന്ദ്രം നിലപാടെടുക്കില്ലെന്ന് ഉറപ്പുള്ളതിനാല്‍ ഓര്‍ഡിനന്‍സ് ഡല്‍ഹിയില്‍ കുടുങ്ങി, സാവധാനം ഇല്ലാതാവും.
ഗവര്‍ണര്‍ക്ക് തന്നെ ഓര്‍ഡിനന്‍സ് പിടിച്ചുവയ്ക്കാനുമാകും. എന്തിനാണ് ചാന്‍സലറെ മാറ്റുന്നതെന്ന് സര്‍ക്കാര്‍ ബോദ്ധ്യപ്പെടുത്തണമെന്ന ഗവര്‍ണറുടെ വാക്കുകള്‍ ഓര്‍ഡിനന്‍സിന്റെ ഭാവിയെക്കുറിച്ചുള്ള സൂചനയാണ്.
സര്‍വകലാശാലകളിലെ രാഷ്ട്രീയ അതിപ്രസരം കാരണം ചാന്‍സലര്‍ പദവിയൊഴിയുന്നതായി ഗവര്‍ണര്‍ നേരത്തേ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. രാഷ്ട്രീയ ഇടപെടലുണ്ടാവില്ലെന്ന് രേഖാമൂലം മുഖ്യമന്ത്രി ഉറപ്പുനല്‍കിയാണ് അന്ന് അനുനയിപ്പിച്ചത്. ഗവര്‍ണര്‍ തുടരുന്നതാണ് സര്‍ക്കാരിന് താത്പര്യമെന്നറിയിച്ച്‌ മുഖ്യമന്ത്രി അയച്ച മൂന്നു കത്തുകളും ഗവര്‍ണറുടെ പക്കലുണ്ട്.
ചാന്‍സലറായി മുഖ്യമന്ത്രി പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശം നേരത്തേ നടന്ന കൂടിയാലോചനകളിലുയര്‍ന്നെങ്കിലും പിണറായി വിജയന്‍ തള്ളിക്കളഞ്ഞിരുന്നു. മന്ത്രിമാരെ പരിഗണിക്കുന്നതിനോടും യോജിച്ചില്ല. മന്ത്രിസഭായോഗത്തിന് മുന്നോടിയായി സി.പി.ഐ അടക്കം പ്രമുഖ കക്ഷികളുടെ മന്ത്രിമാരുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തിയിരുന്നു. ചൊവ്വാഴ്ചത്തെ

കൂടിയാലോചനകള്‍ക്കൊടുവിലാണ് രാത്രിയോടെ കരട് തയാറാക്കി മന്ത്രിസഭായോഗ അജന്‍ഡയിലുള്‍ക്കൊള്ളിച്ചത്.
ഭരണഘടനയില്‍ നിക്ഷിപ്തമായ ചുമതലകള്‍ നിറവേറ്റേണ്ട ഗവര്‍ണറെ ചാന്‍സലറാക്കുന്നത് ഉചിതമാവില്ലെന്ന പൂഞ്ചി കമ്മിഷന്‍ ശുപാര്‍ശകള്‍ പരിഗണിച്ചാണ് നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭായോഗത്തില്‍ വിശദീകരിച്ചു.