അരിക്കൊമ്പനെ തമിഴ്‌നാട്ടില്‍ നിന്ന് വീണ്ടും പിടികൂടിയ സംഭവം വേദനാജനകം: ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍

single-img
5 June 2023

അരിക്കൊമ്പനെ തമിഴ്‌നാട്ടില്‍ നിന്ന് വീണ്ടും പിടികൂടിയത് വേദനാജനകമെന്ന് ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍. നിയമങ്ങള്‍ മനുഷ്യനുവേണ്ടി മാത്രമുള്ളതാണെന്നും അത് മറ്റ് സഹജീവികളെ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം കളമശ്ശേരി സെന്റ് പോള്‍സ് കോളേജിലെ പരിസ്ഥിതി ക്ലബ്ബിന്റെ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2018ൽ ഉണ്ടായ പ്രളയത്തില്‍നിന്ന് മനുഷ്യനൊന്നും പഠിച്ചില്ല. സ്വന്തം കാര്യത്തിനായി ജീവിച്ചാല്‍ നാളെ ലോകം ഉണ്ടാകില്ല. എല്ലാ നിയമങ്ങളും മനുഷ്യനുവേണ്ടി മാത്രമാണ്. നമ്മള്‍ അരിക്കൊമ്പനെ പിടിക്കുന്നു, അവനെ നമുക്ക് ഇഷ്‌ടമുള്ളിടത്ത് കൊണ്ടുപോയി വിടുന്നു. മനുഷ്യന്‍ ഞാന്‍ സുരക്ഷിതനായിരിക്കുക എന്നുള്ളതിനപ്പുറത്തേക്ക് മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കുന്നില്ല.

ഇവിടെ താൻ അരിക്കൊമ്പനെക്കുറിച്ച് കൂടുതല്‍ പറഞ്ഞ് വിവാദമുണ്ടാക്കാന്‍ താൽപര്യമില്ലെന്നും ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ പറഞ്ഞു. അതേസമയം, ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ മയക്കുവെടിവെച്ചിരുന്നു. തിരുനല്‍വേലിയിലെ കാട്ടിലെത്തിക്കാനാണ് തീരുമാനം.