‘അരിവാൾ ചുറ്റിക നക്ഷത്രം’ ഇനി നടക്കുമെന്ന് തോന്നുന്നില്ല: പൃഥ്വിരാജ്
അമല്‍ നീരദിന്റെ സംവിധാനത്തിൽ മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജും ഒരുമിക്കുന്ന ഒരു സിനിമ വരുമെന്ന പ്രഖ്യാപനം കഴിഞ്ഞിട്ട് വർഷങ്ങൾ ഏറെയായി. അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന് പേരുനൽകിയ ശങ്കര്‍ രാമകൃഷ്ണന്റെ രചനയിൽ ഒരുങ്ങാനിരുന്ന ഈ സിനിമയെപ്പറ്റി ഇപ്പോഴിതാ പത്തു വർഷങ്ങൾക്ക് ശേഷം പ്രതികരിക്കുകയാണ് നടൻ പൃഥ്വിരാജ്.
തന്റെ ഏറ്റവും പുതിയചിത്രമായ ഗുരുവായൂരമ്പല നടയിലിന്‍റെ പ്രൊമോഷണല്‍ അഭിമുഖത്തിനിടെയാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് പൃഥ്വിയുടെ മറുപടി. ‘ഇനി ആ സിനിമ നടക്കുമെന്ന് തോന്നുന്നില്ല. എനിക്ക് വളരെ താല്‍പര്യം തോന്നിയ ഒരു പരിപാടിയായിരുന്നു അത്. ആ സിനിമയുടെ പശ്ചാത്തലവും കഥയുമൊക്കെ’ .
പേര് സൂചന നൽകുന്നപോലെ പോലെ കമ്യൂണിസ്റ്റ് പശ്ചാത്തലമുള്ള സിനിമ ആയിരുന്നോ എന്ന ചോദ്യത്തിന് അല്ലെന്നും പൃഥ്വി മറുപടി നൽകി. ‘കമ്യൂണിസ്റ്റ് പശ്ചാത്തലമല്ല. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് ഇവിടുത്തെ ഒരു മലയോര മേഖലയില്‍ നടക്കുന്ന ഒരു കഥയായിരുന്നു അത്. അതിന്‍റെ പശ്ചാത്തലവും അതിന്‍റെ കഥയിലെ കുറേ ഭാഗങ്ങളുമെല്ലാംതന്നെ ഇപ്പോള്‍ ഒരുപാട് സിനിമകളില്‍ വന്നുകഴിഞ്ഞു. ഇനി ആ സിനിമ ചെയ്യുമെന്ന് തോന്നുന്നില്ല’, പൃഥ്വിരാജ് പറഞ്ഞു.