71 ദിവസത്തിന് ശേഷം അർജുന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നു
മണ്ണിടിച്ചിലിൽ കാണാതായി 71 ദിവസത്തിന് ശേഷം അർജുന്റെ മൃതദേഹം ഇന്ന് തെരച്ചിലിൽ കണ്ടെത്തിയിരിക്കുന്നു. ഡ്രഡ്ജർ ഉപയോഗിച്ച് പുറത്തെടുത്ത ട്രക്കിനുള്ളിൽ അർജുന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.
ഡ്രൈവർ ക്യാബിനുള്ളിലായിരുന്ന മൃതദേഹം പുറത്തെടുത്ത് ബോട്ടിലേക്ക് മാറ്റി. മൃതദേഹം അർജുന്റേതുതന്നെയാണെന്നാണ് മനാഫും ജിതിനും പറയുന്നത്. ഇനി കൂടുതൽ പരിശോധനകൾക്ക് ശേഷമായിരിക്കും ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുക. ധാരാളം സമ്മർദ്ദങ്ങളും വെല്ലുവിളികളും കടന്ന് പല ഘട്ടങ്ങളിലായി നടത്തിയ തിരച്ചിലിനൊടുവിലാണ് ലോറി കണ്ടെത്തിയത്.
ഇന്ന് രാവിലെ നടത്തിയ തിരച്ചിലിൽ കൂടുതൽ ലോഹഭാഗങ്ങൾ കണ്ടെത്തിയിരുന്നു. വേലിയിറക്ക സമയത്താണ് ലോഹഭാഗങ്ങൾ പുറത്തെത്തിച്ചത്. അർജുന്റെ ലോറിയായ ഭാരത് ബെൻസിന്റെ ബാക്ക് ബമ്പറിന് സമാനമായ ഭാഗം ഡ്രഡ്ജിങ്ങിൽ കണ്ടെത്തിയിരുന്നു. റിട്ട. മേജർ ജനറൽ ഇന്ദ്രപാലൻ രേഖപ്പെടുത്തിയ കോൺടാക്റ്റ് പോയിന്റ് ടുവിൽ വച്ചാണ് വാഹനം കണ്ടെത്തിയത്.
ക്യാബിൻ തകർന്ന നിലയിലായിരുന്നു. അർജുനെ രക്ഷിക്കാനായില്ലെങ്കിലും അവശേഷിപ്പ് കുടുംബത്തെ ഏൽപ്പിക്കണമെന്ന നിർബന്ധത്തിയിലായിരുന്നു ലോറി ഉടമ മനാഫും സഹോദരീ ഭർത്താവ് ജിതിനും.