അർജുന്‍റെ ലോറി ഉള്ളതായി സ്ഥിരീകരിച്ചത് കരയിൽ നിന്ന് 40 മീറ്റർ അകലെ; വെല്ലുവിളിയാകുന്നത് കനത്ത മഴ

single-img
24 July 2024

കർണാടകയിലെ ഷിരൂരിൽ ശക്തമായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള ഇന്നത്തെ തെരച്ചില്‍ നിര്‍ത്തി. ഗം​ഗാവലി നദിയിൽ അർജുന്‍റെ ലോറി ഉണ്ടെന്ന് സ്ഥിരീകരിച്ചെങ്കിലും കനത്ത മഴയെ തുടര്‍ന്ന് തെരച്ചില്‍ പുരോഗമിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്.

രൂക്ഷമായി കാറ്റ് വീശുന്നതിനാലും നദിയിൽ കുത്തൊഴുക്ക് കൂടിയതിനാലും ഇന്ന് ഇനി രക്ഷാപ്രവർത്തനം ഉണ്ടാവില്ലെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. ട്രക്കിന്‍റെ രൂപത്തിൽ കണ്ട കോർഡിനേറ്റുകൾ കൃത്യമായി മാർക്ക് ചെയ്തിട്ടുണ്ട്. അവിടെ ഇപ്പോൾ ഇറങ്ങാൻ ഒരു വഴിയും ഇല്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.

ട്രക്ക് പുറത്തെടുക്കാന്‍ കൂടുതല്‍ സന്നാഹങ്ങള്‍ ഒരുക്കുകയാണെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചു. ഒരു ക്രെയിന്‍ കൂടി സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. അർജുനായുള്ള തെരച്ചില്‍ തുടങ്ങിയിട്ട് ഇന്നേയ്ക്ക് ഒൻപതാം ദിവസം എത്തുന്നതിനിടെയാണ് ലോറി കണ്ടെത്തിയെന്ന നിർണായക വിവരം പുറത്ത് വരുന്നത്. പുഴയുടെ അടിഭാഗത്ത് ലോറി കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി കൃഷ്ണ ​ബായരെ ഗൗഡയാണ് ആദ്യം സ്ഥിരീകരിച്ചത്.

അതിനുശേഷം ,കണ്ടെത്തിയത് അർജുന്റെ ലോറി തന്നെയാണെന്ന് ജില്ലാ പൊലീസ് മേധാവിയും സ്ഥിരീകരിച്ചു. കരയിൽ നിന്നും 40 മീറ്റർ അകലെയാണ് 15 മീറ്റർ താഴ്ചയിലാണ് ട്രക്ക് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ കനത്ത മഴ കാരണം ലോറി പുറത്തെടുക്കാനുള്ള ദൗത്യം പ്രതിസന്ധിയിലായിരിക്കുകയാണ്.

നാവിക സേനയുടെ സംഘം ലോറി കണ്ടെത്തിയ സ്ഥലത്തേക്ക് തിരിച്ചെങ്കിലും കനത്ത മഴയെ തുടർന്ന് പിൻവാങ്ങുകയായിരുന്നു. അതിശക്തമായ മഴയെ അവഗണിച്ച് 3 ബോട്ടുകളിലായി 18 പേര്‍ അടങ്ങുന്ന സംഘം നദിയിലേക്ക് പോയെങ്കിലും തെരച്ചിൽ നടത്താൻ കഴിയാതെ വന്നതോടെയാണ് മടങ്ങിയത്. ശാസ്ത്രീയമായ പരിശോധനയിലൂടെ ട്രക്ക് കണ്ടെത്തിയതിന് ശേഷമാണ് നാവിക സേനയുടെ സ്കൂബാ ഡൈവേഴ്സ് അടങ്ങുന്ന വലിയ സംഘം നദിയിലേക്ക് പോയത്.