വ്യഭിചാരം; സായുധ സേനയ്ക്ക് തങ്ങളുടെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാം: സുപ്രീം കോടതി
വ്യഭിചാര പ്രവർത്തനങ്ങൾക്ക് സായുധ സേനയ്ക്ക് അവരുടെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാമെന്ന് സുപ്രീം കോടതി. വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ലാതാക്കിയ 2018ലെ സുപ്രധാന വിധിയില്‍ വ്യക്തത വരുത്തിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിശദീകരണം.
2018ലെ വിധി സായുധ സേനാ നിയമങ്ങളിലെ വ്യവസ്ഥകളുമായി ബന്ധപ്പെട്ടതല്ലെന്നും ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പറഞ്ഞു.
വ്യഭിചാര കുറ്റം കൈകാര്യം ചെയ്യുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 497-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് ജോസഫ് ഷൈൻ സമർപ്പിച്ച ഹർജിയിൽ 2018-ൽ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. എന്നാൽ ഈ വിധിയിൽ വ്യക്തത തേടി കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ മാധവി ദിവാൻ സമർപ്പിച്ച ഹർജിയെ തുടർന്നാണ് ജസ്റ്റിസുമാരായ അജയ് റസ്തോഗി, അനിരുദ്ധ ബോസ്, ഹൃഷികേശ് റോയ്, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർണ്ണയ ഉത്തരവ് പുറത്തു വന്നത്.
വ്യഭിചാരം തടയുന്ന 2018 സെപ്തംബർ 27-ലെ വിധിയിൽ നിന്ന് സായുധ സേനയെ ഒഴിവാക്കണമെന്ന് പ്രതിരോധ മന്ത്രാലയവും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇത് അത്തരം നടപടികളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരായ നടപടിക്ക് തടസ്സമാകുമെന്നും സേവനങ്ങൾക്കുള്ളിൽ ‘അസ്ഥിരത’ ഉണ്ടാക്കുമെന്നും പ്രതിരോധ മന്ത്രലയം സുപ്രീം കോടതിയെ അറിയിച്ചു. തുടർന്നാണ് നിർണ്ണായക വിധി.