അരുണാചല്‍ പ്രദേശില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന സംഭവത്തില്‍ കാരണം പുറത്തുവിട്ട് സൈന്യം

single-img
22 October 2022

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന സംഭവത്തില്‍ കാരണം പുറത്തുവിട്ട് സൈന്യം.

അപകടം സംഭവിച്ചത് പൈലറ്റിന്റെ ഭാഗത്തുള്ള പിഴവല്ലെന്ന് സൈന്യം സ്ഥിരീകരിച്ചു. അപകടം സാങ്കേതിക തകരാര്‍ മൂലമാണെന്നാണ് കണ്ടെത്തല്‍. അപകടത്തിന് തൊട്ടുമുമ്ബ് വരെ പൈലറ്റ് അപായ സന്ദേശം അയച്ചതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

സൈന്യത്തിന്റെ പരിശോധനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു അരുണാചല്‍ പ്രദേശിലെ സിയാങ് ജില്ലയില്‍ കരസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. വീരമൃത്യു വരിച്ച അഞ്ച് പേരില്‍ മലയാളി ജവാനുമുണ്ടായിരുന്നു. രണ്ട് പൈലറ്റുമാര്‍ക്കും അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു. ഇതുവരെ നാല് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്താനായത്. അഞ്ചാമത്തെയാള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്.

ചെറുവത്തൂര്‍ സ്വദേശിയായ കെ.വി അശ്വിനാണ് അപകടത്തില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍. 24 വയസായിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി സൈന്യത്തിലെ ഇലക്‌ട്രോണിക്സ് ആന്‍ഡ് മെക്കാനിക്കല്‍ വിഭാഗത്തിലായിരുന്നു അശ്വിന്റെ സേവനം. ഒടുവില്‍ നാട്ടിലേക്ക് വന്നത് കഴിഞ്ഞ ഓണത്തിനായിരുന്നു.