പിതാവിനെയും മകളെയും കൈയേറ്റം ചെയ്ത സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ അറസ്റ്റ് വൈകുന്നു

single-img
22 September 2022

തിരുവനന്തപുരം: കാട്ടാക്കടയില്‍ പിതാവിനെയും മകളെയും കൈയേറ്റം ചെയ്ത സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ അറസ്റ്റ് വൈകുന്നു.

ജാമ്യമില്ലാ വകുപ്പ് ചുമത്തിയെങ്കിലും പൊലീസ് കടുത്ത നടപടിയിലേക്ക് നീങ്ങുന്നില്ലെന്നാണ് ആക്ഷേപം.

വിവിധ യൂണിയനുകളില്‍ പെട്ട പ്രതികളുടെ അറസ്റ്റ് തടയുന്നതിന് രാഷ്ട്രീയ സമ്മര്‍‍ദമുണ്ടെന്നാണ് സൂചന. കാട്ടാക്കട സ്വദേശി പ്രേമനനും മകള്‍ക്കുമാണ് കഴിഞ്ഞദിവസം കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മര്‍ദനമേറ്റത്. പ്രേമനനെ മര്‍ദിച്ച മെക്കാനിക്കല്‍ ജീവനക്കാരനെതിരെ വകുപ്പുതല നടപടി ഉടനുണ്ടാകുമെന്ന് വിവരം.

ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നെങ്കിലും വകുപ്പ് നടപടിയെടുത്തിരുന്നില്ല. ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ നടപടിയിലേക്ക് നീങ്ങുന്നത്.

നിലവില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ എ മുഹമ്മദ് ഷരീഫ്, ഡ്യൂട്ടി ഗാര്‍ഡ് എസ്.ആര്‍ സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍. അനില്‍കുമാര്‍, അസിസ്റ്റന്റ് സി.പി മിലന്‍ ജോര്‍ജ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

പ്രതികള്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍ വകുപ്പാണ് പ്രതികള്‍ക്കെതിരെ കൂട്ടിച്ചേര്‍ത്തത്. പ്രേമനന്റെ മകളെ കൈയേറ്റം ചെയ്തുവെന്നതാണ് പുതിയ കുറ്റം. പെണ്‍കുട്ടിയുടെയും സുഹൃത്തുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.

പെണ്‍കുട്ടിയെ മര്‍ദിച്ച കാര്യം എഫ്.ഐ.ആറില്‍ നേരത്തെ പരാമര്‍ശിച്ചിരുന്നില്ല. മകളുടെയും മകളുടെ സുഹൃത്തിന്റെയും മുമ്ബില്‍ വച്ചാണ് ജീവനക്കാര്‍ പിതാവിനെ കൈയേറ്റം ചെയ്തത്. രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയുടെ കണ്‍സഷന് കോഴ്സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് ജീവനക്കാര്‍ പറയുകയായിരുന്നു.

തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് നാളെ ഹാജരാക്കാമെന്നും കണ്‍സഷന്‍ അനുവദിക്കണമെന്നും പ്രേമന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. പിന്നീടാണ് ജീവനക്കാര്‍ ഇദ്ദേഹത്തെ തൊട്ടടുത്ത റൂമിലേക്ക് വലിച്ചു കൊണ്ടുപോയി മര്‍ദിച്ചത്. പ്രതികള്‍ക്കെതിരെ നേരത്തെ ചുമത്തിയ അഞ്ച് വകുപ്പുകളും സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്നവയായിരുന്നു.