ഷെയ്‌ഖ് ഹസീനയ്ക്കും 45 കൂട്ടാളികൾക്കുമെതിരെ അറസ്റ്റ് വാറണ്ട്
ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടിയ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയ്ക്കും 45 കൂട്ടാളികൾക്കുമെതിരെ അറസ്റ്റ് വാറണ്ട്. ബംഗ്ലാദേശിൽ പൊട്ടിപ്പുറപ്പെട്ട സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെയുണ്ടായ വിദ്യാർഥികളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ് ഷെയ്‌ഖ് ഹസീനക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
അടുത്ത മാസം പതിനെട്ടിനകം ഹസീനയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് നിർദേശം. ബംഗ്ലാദേശിലെ ഇന്റർനാഷണല്‍ ക്രൈംസ് ട്രിബ്യൂണലിലെ ചീഫ് ജസ്റ്റീസ് മൊഹമ്മദ് ഗുലാം മൊർതുസ മജൂംദാറിന്റെയാണ് ഉത്തരവ്. വിദ്യാർഥി പ്രക്ഷോഭത്തെതുടർന്ന് അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ഹസീന രാജ്യം വിട്ടിരുന്നു. ഇന്ത്യയിലേക്ക് പലായനം ചെയ്തതായുള്ള റിപ്പോർട്ടുകൾക്ക് ശേഷം പൊതുവേദികളിൽ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല.
ഡൽഹിയിലുള്ള സുരക്ഷിതമായ ഒരു സൈനിക താവളത്തില്‍ എത്തിയതായാണ് ഹസീനയെക്കുറിച്ചുള്ള അവസാന വിവരം. ഹസീനയുടെ അവാമി ലീഗ് പാർട്ടിയുടെ മുൻ ജനറല്‍ സെക്രട്ടറിയായിരുന്നു ഒബൈദുള്‍ ഖദാറിനെതിരെ ഉൾപ്പെടെയാണ് ഉത്തരവ്. ഇരുവർക്കും പുറമെ ഹസീന മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാർക്കും എതിരെ വാറണ്ടുണ്ട്.