മയക്കുമരുന്നു കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങി വീണ്ടും മയക്കുമരുന്നു കച്ചവടം; ടാറ്റൂ ആര്‍ട്ടിസ്റ്റുകളായ മലയാളി ദമ്ബതികള്‍ അറസ്റ്റില്‍
ബെംഗളൂരു; ഏഴുകോടിയുടെ മയക്കുമരുന്നു കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങി വീണ്ടും മയക്കുമരുന്നു കച്ചവടം നടത്തിയ ടാറ്റൂ ആര്‍ട്ടിസ്റ്റുകളായ മലയാളി ദമ്ബതികള്‍ അറസ്റ്റില്‍.
കോട്ടയം സ്വദേശി സിഗില്‍ വര്‍ഗീസ് മാമ്ബറമ്ബില്‍ (32), കോയമ്ബത്തൂര്‍ സ്വദേശി വിഷ്ണു പ്രിയ (22) എന്നിവരാണ് ബെംഗളൂരുവില്‍ അറസ്റ്റിലായത്.
കഴിഞ്ഞ മാര്‍ച്ചിലാണ് 7 കോടി രൂപ വിലമതിക്കുന്ന 12 കിലോഗ്രാം ഹാഷിഷ് ഓയിലുമായി ഇവര്‍ അറസ്റ്റിലാവുന്നത്. ജാമ്യം നേടി പുറത്തിറങ്ങിയ ശേഷവും ഇവര്‍ മയക്കുമരുന്ന് കച്ചവടം തുടര്‍ന്നതായി പൊലീസ് പറഞ്ഞു. നോര്‍ത്ത് ബെംഗളൂരുവിലെ കോതനൂരില്‍ വീടെടുത്ത് താമസിച്ചുവരുകയായിരുന്നു. പരപ്പന അഗ്രഹാരയില്‍ മയക്കുമരുന്ന് ഇടപാട് നടത്തിയതിനാണ് ഇവര്‍ തിങ്കളാഴ്ച അറസ്റ്റിലായത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നാണ് സംഘം മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.
കൊളജ് വിദ്യാര്‍ഥികള്‍ക്കാണ് മയക്കുമരുന്ന് വില്‍പന നടത്തി വരുന്നതിനിടെയാണ് സിഗിലും വിഷ്ണു പ്രിയയും ഇവരുടെ സഹായിയുമായ വിക്രവും അറസ്റ്റിലാവുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ബിടിഎം ലേഔട്ടില്‍നിന്ന് 80 ഗ്രാം ഹാഷിഷ് ഓയിലുമായി വിക്രം പൊലീസിന്റെ പിടിയിലായതോടെയാണ് മയക്കുമരുന്ന് ശൃംഖലയെകുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഇയാള്‍ നല്‍കിയ മൊഴിയെത്തുടര്‍ന്ന് വിഷ്ണുപ്രിയയുടെയും സിഗിലിന്റെയും വീട്ടില്‍ പൊലീസ് പരിശോധന നടത്തി ഏഴുകോടിയോളം വിലമതിക്കുന്ന 12 കിലോ ഹാഷിഷ് ഓയില്‍ കണ്ടെത്തുകയായിരുന്നു.
ബെംഗളൂരുവിലെ സ്വകാര്യ കോളേജില്‍ ഒന്നിച്ച് പഠിച്ചവരാണ് വിഷ്ണുപ്രിയയും സിഗിലും. പിന്നീട് വാടകവീടെടുത്ത് ടാറ്റൂ ആര്‍ട്ടിസ്റ്റുകളായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. 2020 മുതലാണ് ഇവര്‍ മയക്കുമരുന്ന് ഇടപാടുകളിലേക്ക് തിരിഞ്ഞതെന്ന് പൊലീസ് പറയുന്നു.