ഇത് 1962 അല്ല; ആരെങ്കിലും ആക്രമിക്കാൻ ശ്രമിച്ചാൽ ധീരരായ സൈനികർ തക്കതായ മറുപടി നൽകും ; ചൈനയ്ക്ക് മുന്നറിയിപ്പുമായി അരുണാചൽ മുഖ്യമന്ത്രി
അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) ഇന്ത്യയും ചൈനയും തമ്മിൽ വീണ്ടും ഏറ്റുമുട്ടലുണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെ, നമ്മുടെ പ്രദേശത്തേക്ക് അതിക്രമിക്കാൻ ശ്രമിക്കുന്ന ആർക്കും ഇന്ത്യൻ സൈന്യം തക്കതായ മറുപടി നൽകുമെന്നും മുഖ്യമന്ത്രി പേമ ഖണ്ഡു പറഞ്ഞു.
ഇന്ത്യൻ സൈന്യവും ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയും കഴിഞ്ഞ ആഴ്ച ഡിസംബർ 9 ന് അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിൽ എൽഎസിയിൽ ഏറ്റുമുട്ടിയിരുന്നു. ഇതിൽ ഇരുവശത്തും പരിക്കേറ്റതായി സൈന്യം തിങ്കളാഴ്ച ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
“ഇത് 1962 (ചൈന-ഇന്ത്യൻ യുദ്ധം) അല്ല. ആരെങ്കിലും അതിക്രമിക്കാൻ ശ്രമിച്ചാൽ, നമ്മുടെ ധീരരായ സൈനികർ തക്കതായ മറുപടി നൽകും,” ഖണ്ഡു ട്വിറ്ററിൽ കുറിച്ചു. 1962 ലെ യുദ്ധം അരുണാചൽ പ്രദേശിലെ അന്താരാഷ്ട്ര അതിർത്തിയിൽ ഇരുവശത്തും കനത്ത നാശനഷ്ടങ്ങൾക്ക് കാരണമായി. ഒടുവിൽ ചൈന വെടിനിർത്തലിന് സമ്മതിച്ചതോടെ അവസാനിച്ചു. യാങ്‌സ്റ്റെ എന്റെ നിയമസഭാ മണ്ഡലത്തിന് കീഴിലാണ്, എല്ലാ വർഷവും ഞാൻ പ്രദേശത്തെ ജവാന്മാരെയും ഗ്രാമീണരെയും കാണാറുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.