ജാമ്യത്തിന് സ്റ്റേ; അരവിന്ദ് കെജ്രിവാളിൻ്റെ ജയിൽ മോചനം വൈകും

single-img
21 June 2024

ഡൽഹി മദ്യനയ അഴിമതിക്കേസിൽ വിചാരണ കോടതിയിൽ ജാമ്യം ലഭിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ ജയിൽ മോചനം വൈകും. ജാമ്യം നൽകിയത് സ്റ്റേ ചെയ്ത ഡൽഹി ഹൈക്കോടതി ഇഡി ഹര്‍ജിയിൽ വിധി പറയാൻ രണ്ട് മൂന്ന് ദിവസം സമയം വേണമെന്ന് പറഞ്ഞു.

തുടർന്ന് കേസ് ഈ മാസം 25 ന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവച്ചു. ഇതോടെയാണ് ജയിൽ മോചനം വൈകുന്നത്. വിധി പറയുന്നത് വരെ കെജ്രിവാളിന്‍റെ ജാമ്യം തത്കാലത്തേക്ക് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി തുടരും. നേരത്തെ, ഇന്ന് ഉച്ചയോടെ കെജ്രിവാൾ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

ജാമ്യം ലഭിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം ഡൽഹിയിൽ ആം ആദ്മി പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിരുന്നു. പക്ഷെ ഇഡി അതിരാവിലെ ഹൈക്കോടതിയെ സമീപിച്ച് കേസിൽ അടിയന്തിരമായി വാദം കേൾക്കണമെന്നും ജാമ്യം സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഹൈക്കോടതി ജാമ്യം സ്റ്റേ ചെയ്ത് കേസിൽ വാദം കേട്ട ശേഷം വിധി പറയാനായി മാറ്റിയതോടെയാണ് ജയിൽ മോചനം വൈകുമെന്ന് ഉറപ്പായത്.