അരവിന്ദ് കെജ്‌രിവാളിന്റെ രാജി; നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ആം ആദ്മി
ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള അരവിന്ദ് കെജ്‌രിവാളിന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനത്തില്‍ വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ആം ആദ്മി പാര്‍ട്ടി. മഹാരാഷ്ട്രയിൽ നടത്തുന്ന നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ഡല്‍ഹിയിലെയും തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ആം ആദ്മി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്.
‘സർക്കാരിന്റെ കാലാവധി അവസാനിക്കാൻ ആറ് മാസം മാത്രമെ ഉള്ളുവെങ്കില്‍ നിയമസഭ പിരിച്ചുവിടേണ്ട കാര്യമില്ല. അരവിന്ദ് കെജ്‌രിവാളിനെയും ആം ആദ്മി നേതാക്കളെയും രണ്ട് വര്‍ഷം കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടി. ആയിരക്കണക്കിന് റെയിഡുകള്‍ നടത്തി. എന്നാല്‍ ഒരു രൂപയുടെ പോലും അഴിമതി കണ്ടെത്താനായില്ല’- ആം ആദ്മി പാര്‍ട്ടി നേതാവ് അതിഷി പറഞ്ഞു.
അതേസമയം, നേരത്തെ നിര്‍ദേശിച്ച സമയത്തിന് മുമ്പ് തിരഞ്ഞെടുപ്പ് നടത്താനാകില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണമെന്നാണ് റിപ്പോര്‍ട്ട്. നിലവിൽ എഎപി നേതാക്കളും എംഎല്‍എമാരും യോഗം ചേര്‍ന്നിട്ടുണ്ട്. പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ ഗോപാല്‍ റായ്, സഞ്ജയ് സിംഗ്, അതിഷി, രാഘവ് ഛദ്ദ എന്നിവരും മറ്റ് ചില എംഎല്‍എമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു.