അരവിന്ദ് കെജ്‌രിവാളിന്റെ രാജി നാളെ; പുതിയ മുഖ്യമന്ത്രി ഒരാഴ്ചക്കുള്ളിൽ
മുഖ്യമന്ത്രി സ്ഥാനത്തുനിന്നും അരവിന്ദ് കെജ്‌രിവാൾ നാളെ രാജിവെക്കും. ആം ആദ്മി പാർട്ടിയാണ് ഇന്ന് ഈ കാര്യം അറിയിച്ചത്. അദ്ദേഹത്തിന് പകരമായി പുതിയ മുഖ്യമന്ത്രിയെ ഒരാഴ്ചക്കുള്ളിൽ പ്രഖ്യാപിക്കുമെന്ന് പാർട്ടി നേതാവ് സൗരഭ് ഭരധ്വാജ് അറിയിച്ചു .
അതേസമയം പാർട്ടിയിൽ നിന്നും പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള തിരക്കിട്ട ചർച്ചകളിലാണ് എഎപി. മന്ത്രിമാരായ അതിഷി , ഗോപാൽ റായ് , കൈലാഷ് ഗെഹ്ലോട്ട് എന്നിവരുടെ പേരുകളാണ് പരിഗണനയിൽ ഉള്ളത്. ആം ആദ്മിയുടെ ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യവേ , കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായാണ് അരവിന്ദ് കെജരിവാൾ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുള്ള രാജി പ്രഖ്യാപിച്ചത്.
പാർട്ടിയുടെ എംഎൽഎമാർ യോഗം ചേർന്ന് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും താൻ അഗ്നി ശുദ്ധി വരുത്തിയ ശേഷം അടുത്ത ജനവിധി അനുകൂലമായാൽ മാത്രം മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുമെന്നും കെജ്രിവാൾ പറഞ്ഞിരുന്നു.