കെ.പി.സി.സി. വിലക്കിനെ മറികടന്നു; പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയുമായി ആര്യാടന്‍ ഫൗണ്ടേഷന്‍

single-img
3 November 2023

കെ.പി.സി.സി ഉയർത്തിയ വിലക്കിനെ മറികടന്ന് പലസ്തീന്‍ ഐക്യദാര്‍ഢ്യറാലി നടത്തി ആര്യാടന്‍ ഫൗണ്ടേഷന്‍. ശക്തമായ മഴയേയും മറികടന്നാണ് വലിയ തോതില്‍ പ്രവര്‍ത്തകരെ അണിനിരത്തി കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ റാലി സംഘടിപ്പിച്ചത്.

അതേസമയം, യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളിയടക്കം മലപ്പുറത്തെ കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാക്കളെല്ലാം റാലിക്ക് നേതൃത്വം നല്‍കുന്നുണ്ട്. കോൺഗ്രസ് പാർട്ടിയുടെ നിര്‍ദേശം ലംഘിച്ച് റാലി നടത്തിയാല്‍ കര്‍ശനനടപടിയുണ്ടാവുമെന്ന് ആര്യാടന്‍ ഷൗക്കത്തിന് കെ.പി.സി.സി. മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇന്ന് വൈകുന്നേരം ടൗണ്‍ ഹാള്‍ പരിസരത്തുനിന്ന് ആരംഭിച്ച റാലി കിഴക്കേത്തലവരെയാണ്. തുടര്‍ന്ന് പൊതുയോഗവും നടത്താന്‍ മലപ്പുറത്തെ കോണ്‍ഗ്രസ് എ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ആര്യാടന്‍ മുഹമ്മദ് ഫൗണ്ടേഷന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് കെ.പി.സി.സി. കര്‍ശന നിര്‍ദേശം നല്‍കിയത്. ജില്ലയിലെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട വിഭാഗീയതയാണ് ഇപ്പോഴത്തെ പ്രശ്നങ്ങളിലേക്ക് വഴിവെച്ചത്.