കെപിസിസി വിലക്ക് മറികടന്ന് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി; ആര്യാടന്‍ ഷൗക്കത്ത് അച്ചടക്ക സമിതിക്ക് മുന്നില്‍ ഹാജരാകണം
കെപിസിസി പുറപ്പെടുവിച്ച വിലക്ക് മറികടന്ന് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ച കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് കോൺഗ്രസ് അച്ചടക്ക സമിതിക്ക് മുന്നില്‍ ഹാജരാകണം. നാളെ വൈകിട്ട് അഞ്ച് മണിക്ക് ഇന്ദിരാഭവനില്‍ ചേരുന്ന സമിതിയുടെ മുന്‍പാകെയാണ് ആര്യാടന്‍ ഷൗക്കത്ത് ഹാജരാകേണ്ടത്.
വിഷയത്തിൽ ആര്യാടന്‍ ഷൗക്കത്തിന്റെ ഭാഗം കേട്ടതിന് ശേഷം തീരുമാനമെടുക്കുമെന്ന് അച്ചടക്ക സമിതി അദ്ധ്യക്ഷനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഏതിലും കമ്മിറ്റി കൂടാതെ അഭിപ്രായം പറയുന്നത് അനീതിയാണ്. കമ്മിറ്റി കൂടി അവരുടെ ഭാഗം കൂടി കേള്‍ക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
അതേസമയം, മുൻപ് കെപിസിസി നല്‍കിയ വിശദീകരണ നോട്ടീസിന് ആര്യാടന്‍ ഷൗക്കത്ത് മറുപടി നല്‍കിയിരുന്നു. റാലി ഒഴിവാക്കിയിരുന്നെങ്കില്‍ പാര്‍ട്ടിക്ക് ഗുണത്തേക്കാളേറെ ദോഷമുണ്ടാകുമായിരുന്നുവെന്നാണ് അദ്ദേഹം നൽകിയ വിശദീകരണം.