മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ചവാൻ ബിജെപിയിലേക്ക്?
രണ്ടു തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ അശോക് ചവാൻ ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ അശോക് ചവാൻ ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ഇരു നേതാക്കളും പലതവണ കൂടിക്കാഴ്ച നടത്തിയിരുന്നു
ചവാനൊപ്പം നിരവധി കോൺഗ്രസ് എംഎൽഎമാരും ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹമുണ്ട്. തിങ്കളാഴ്ച ഭ്യന്തര മന്ത്രി അമിത് ഷാ മുംബൈയിലെത്തും. ഈ സമയത്ത് ചവാൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് സൂചന. അശോക് ചവാൻ മാത്രമല്ല, പൃഥ്വിരാജ് ചവാൻ, പ്രണിതി ഷിൻഡെ, ധീരജ് ദേശ്മുഖ് തുടങ്ങിയ എംഎൽഎമാരും നിലവിൽ കോൺഗ്രസ് നേതിര്ത്വത്തോട് അതൃപ്തിയിലാണ്.
കഴിഞ്ഞ കുറേ മാസങ്ങളായി മഹാരാഷ്ട്ര കോൺഗ്രസിൽ അതൃപ്തി പുകയുകയാണ്. എം.എൽ.എമാർ പലതവണ സോണിയാ ഗാന്ധിയെയും കണ്ട് പരാതി നൽകിയിരുന്നു. പക്ഷെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായിട്ടില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകർ നൽകുന്ന സൂചന. കൂടാതെ തെരഞ്ഞെടുപ്പുകളിൽ ഒന്നിന് പിറകെ ഒന്നായി കോൺഗ്രസ് പരാജയപ്പെടുന്നതും നേതാക്കളുടെ ആശങ്ക വർധിപ്പിച്ചു. മഹാരാഷ്ട്രയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎമാരും തങ്ങളുടെ മെച്ചപ്പെട്ട രാഷ്ട്രീയ ഭാവിക്കായി ബദൽ മാർഗങ്ങൾ തേടുന്നതിന്റെ കാരണം ഇതാണ്. ബി.ജെ.പിയെക്കാൾ ശക്തമായ ഒരു ഓപ്ഷൻ താൻ ഇപ്പോൾ കാണുന്നില്ല എന്നാണു ഒരു മുതിർന്ന മാധ്യമപ്രവർത്തകൻ പറഞ്ഞത്.