ഉപവാസ സമരം നടത്താന്‍ പോകുന്ന സച്ചിന്‍ പൈലറ്റിനെതിരെ നടപടി എടുക്കണമെന്ന് അശോക് ഗലോട്ട്


ഉപവാസ സമരം നടത്താന്‍ പോകുന്ന സച്ചിന്‍ പൈലറ്റിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് അശോക് ഗലോട്ട് രംഗത്ത്.
കേന്ദ്രനേതാക്കളെ ഗലോട്ട് നിലപാട് അറിയിച്ചു. ഉപവാസം തുടങ്ങിയാല്‍ ഉടന്‍ പ്രഖ്യാപനം വേണമെന്നാണ് ഗലോട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ഉപവാസ സമരം പാര്‍ട്ടി വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി പ്രസ്താവന പുറത്തിറക്കിയിരുന്നു രാജസ്ഥാന്റെ ചുമതലയുള്ള സുഗ്ജീന്ദര്‍ സിംഗ് രണ്‍ധാവ.
സ്വന്തം പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പാര്‍ട്ടിക്ക് അകത്ത് ചര്‍ച്ച ചെയ്യണം. രാജസ്ഥാന്റെ ചുമതല ഏറ്റെടുത്തശേഷം ഒരിക്കല്‍പോലും ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. സച്ചിന്‍ പാര്‍ട്ടിയുടെ പ്രധാനപ്പെട്ട നേതാവാണെന്നും ക്ഷമയോടെ ചര്‍ച്ച ചെയ്ത് പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവ പറഞ്ഞിരുന്നു. അതേസമയം, എഐസിസിയുടെ മുന്നറിയിപ്പിനോട് പ്രതികരിക്കാതെ മുന്നോട്ട് പോവുകയാണ് സച്ചിന്‍ പൈലറ്റ്. ഉപവാസ സമരം മാറ്റില്ലെന്നും സര്‍ക്കാരിനെതിരായ പ്രതികരണങ്ങള്‍ ഒഴിവാക്കാന്‍ മൗനവ്രതം സ്വീകരിക്കുമെന്നും സച്ചിന്‍ പൈലറ്റിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. സുഖ്ജീന്ദര്‍ രണ്‍ധാവ അനുനയത്തിന് രാജസ്ഥാനിലേക്ക് പോകില്ല. ചര്‍ച്ചകള്‍ നടത്താന്‍ പൈലറ്റിനോട് ദില്ലിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അശോക് ഗെലോട്ട് സര്‍ക്കാരിനെതിരെയാണ് സച്ചിന്‍ പൈലറ്റ് ഉപവാസം പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ ബിജെപി സര്‍ക്കാരിന്റെ അഴിമതിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് സത്യാഗ്രഹം. ഭാരത് ജോഡോ യാത്രയ്ക്ക് മുന്നോടിയായി രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പാണ് വീണ്ടും പൊളിയുന്നത്. വസുന്ധര രാജെ സര്‍ക്കാരിന്‍റെ കാലത്തെ അഴിമതികള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി, എന്നാല്‍ ഒരു മറുപടിയും ലഭിച്ചില്ല എന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് സമരമെന്ന് സച്ചിന്‍ പൈലറ്റ് പറയുന്നു.