ഏഷ്യാ കപ്പ് ക്രിക്കറ്റ്; പ്രതീക്ഷയിൽ മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനും

single-img
19 July 2024

ഐസിസി ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഇന്ന് ശ്രീലങ്കയില്‍ തുടക്കം കുറിക്കുകയാണ് . ടൂർണമെന്റിലെ കിരീടം നിലനിര്‍ത്താനുള്ള പോരാട്ടങ്ങള്‍ക്ക് ഇന്ത്യ ഇറങ്ങുമ്പോള്‍ മലയാളി സാന്നിധ്യവും ശ്രദ്ധേയമാവുകയാണ്. തങ്ങളുടെ ടീമിലേക്കുള്ള അരങ്ങേറ്റം ഗംഭീരമാക്കാനൊരുങ്ങുകയാണ് മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനും.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ട്വന്റി 20 പരമ്പരയില്‍ മിന്നും പ്രകടനം പുറത്തെടുത്തതാണ് ഓള്‍റൗണ്ടറായ സജന സജീവനും ലെഗ് സ്പിന്നര്‍ ആശ ശോഭനയ്ക്കും ഏഷ്യാ കപ്പിലേക്കും വഴിതുറന്നത്. അവസാന വനിതാ ഐപിഎല്ലിന് ശേഷമാണ് രണ്ടു താരങ്ങളും ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്.

വയനാട് ജില്ലയിലെ മാനന്തവാടി സ്വദേശിയായ സജനഐ പി എല്ലിൽ മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്നു. കിരീടമുയര്‍ത്തിയ റോയല്‍ ചലഞ്ചേഴ്സിന്റെ ടീമില്‍ തിരുവനന്തപുരത്തുകാരിയായ ആശയുമുണ്ടായിരുന്നു. അതേസമയം, ശ്രീലങ്കയിലെ ധാംബുള്ളയില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന യുഎഇ- നേപ്പാള്‍ മത്സരത്തോടെയാണ് ടൂര്‍ണമെന്റ് തുടങ്ങുക