ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോള്‍: പ്രീ-ക്വാര്‍ട്ടറില്‍ സൗദിയോട് പരാജയപ്പെട്ട ഇന്ത്യ പുറത്ത്

single-img
28 September 2023

ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ ആവേശകരമായ ഇന്ത്യയുടെ കുതിപ്പ് റൗണ്ട്-16 ല്‍ അവസാനിച്ചു. താരതമ്യേന കരുത്തരായ സൗദി അറേബ്യയാണ് പ്രീ-ക്വാര്‍ട്ടറില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്. സുനില്‍ ഛേത്രിയുടെ നേതൃത്വത്തില്‍ മികച്ച രീതിയിൽ പൊരുതിക്കളിച്ച ഇന്ത്യന്‍ യുവനിരയെ 2-0 നാണ് സൗദി പരാജയപ്പെടുത്തിയത്.

സൗദിയുടെ ടീമിലെ സൂപ്പര്‍താരം മൊഹമ്മദ് മാരനാണ് രണ്ട് ഗോളുകളും നേടിയത്. മത്സരത്തിലെ 51 ാം മിനിറ്റിലും 57 ാം മിനിറ്റിലുമായിരുന്നു ഗോളുകള്‍. ഗോള്‍ തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യ നടത്തിയെങ്കിലും സൗദിയുടെ പ്രതിരോധനിര വഴങ്ങിയില്ല. എന്നാൽ ആദ്യ പകുതിയില്‍ മികച്ച പ്രതിരോധമാണ് ഇന്ത്യന്‍ നിര കാഴ്ചവെച്ചത്. സൗദിയുടെ ആക്രമണങ്ങളെ തടയാനും ഇടയ്ക്ക് പ്രത്യാക്രമണങ്ങള്‍ നടത്താനും ഇന്ത്യക്കായി.

പക്ഷെ ഫിഫ റാങ്കിംഗില്‍ 57 ാം സ്ഥാനത്തുള്ള സൗദിയോട് ഇത് മതിയാകുമായിരുന്നില്ല. ഇന്ത്യയിൽ ഐഎസ്എല്‍ സീസണ്‍ തുടങ്ങിയതിനാല്‍ രണ്ടാം നിര ടീമുമായാണ് ഇന്ത്യ ഇത്തവണ ഏഷ്യന്‍ ഗെയിംസിനെത്തിയത്. സുനില്‍ ഛേത്രിയും സന്ദേശ് ജിങ്കാനും മാത്രമായിരുന്നു സീനിയര്‍ നിരയില്‍ നിന്ന് കോച്ച് സ്റ്റിമാച്ചിന് വിട്ടുകിട്ടിയത്. ചൈനയോട് പരാജയപ്പെടുകയും ബംഗ്ലേദേശിനെ തോല്‍പ്പിക്കുകയും ചെയ്ത ഇന്ത്യ, മ്യാന്‍മാറിനെ സമനിലയില്‍ പിടിച്ചാണ് പ്രീ-ക്വാര്‍ട്ടറിന് യോഗ്യത നേടിയിരുന്നത്.