എല്‍ദോസ് കുന്നപ്പിള്ളി എവിടെയെന്ന് അദ്ദേഹത്തോടുതന്നെ ചോദിക്കണം: വിഡി സതീശൻ


ബലാത്സംഗ കേസിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്ന് ഒളിവിലായ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി എവിടെയെന്ന് അദ്ദേഹത്തോടുതന്നെ ചോദിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേസുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാന്‍ കോൺഗ്രസ് സമയം അനുവദിച്ചിട്ടുണ്ട്. ആ സമയത്തിന് ശേഷം പാര്‍ട്ടി തുടര്‍നിലപാട് സ്വീകരിക്കുമെന്നും സതീശന്‍ പറഞ്ഞു.
കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ യുഡിഎഫ് ഏകോപന സമിതി ഇന്നു യോഗം ചേരും. ഈ യോഗത്തിൽ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ സംഘടനാപരമായി ശക്തമായ നടപടിയെടുക്കുമെന്ന് കെ സുധാകരന്‍ യോഗത്തെ അറിയിക്കും.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു. പരാതിക്കാരിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിൽ എല്‍ദോസിന്റെ വസ്ത്രങ്ങള്‍ കണ്ടെടുത്തെന്ന് അന്വേഷണസംഘം അറിയിച്ചു. യുവതി നൽകിയ മൊഴികൾ ശരി വെക്കുന്ന തെളിവുകളാണ് ഇതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.