രാഹുല്‍ ഗാന്ധിയുടെ പുതിയ രൂപത്തെ സദ്ദാം ഹുസൈനോട് ഉപമിച്ച് അസം മുഖ്യമന്ത്രി


അഹമ്മദാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പുതിയ രൂപത്തെ സദ്ദാം ഹുസൈനോട് ഉപമിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ.
കോണ്‍ഗ്രസിന്‍റെ സംസ്കാരം ഇന്ത്യയുമായി അടുത്തുനില്‍ക്കുന്നതല്ലെന്നും ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് ബോളിവുഡ് താരങ്ങള്‍ക്ക് പണം നല്‍കിയെന്നും ഹിമന്ത ബിശ്വ ശര്‍മ ആരോപിച്ചു. അഹമ്മദാബാദില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രാഹുല്‍ ഗാന്ധിയുടെ പുതിയ രൂപത്തില്‍ പ്രശ്നമൊന്നുമില്ലെന്ന് ഞാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ രൂപത്തില്‍ മാറ്റം വരുത്തുമ്ബോള്‍, കുറഞ്ഞത് സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ പോലെയോ ജവഹര്‍ ലാല്‍ നെഹറുവിനെപോലെയോ ആവാന്‍ ശ്രമിക്കണം. ഗാന്ധിജിയെ പോലെയായാല്‍ അതിലും നല്ലത്. പക്ഷെ ഇപ്പോള്‍ രാഹുല്‍ ഗാന്ധി സദ്ദാം ഹുസൈനെ പോലെ കാണപ്പെടുന്നത് എന്തുകൊണ്ടാണ്? ‘-ബിശ്വശര്‍മ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് സന്ദര്‍ശനെത്തെ വിമര്‍ശിച്ച ബിശ്വസര്‍മ അദ്ദേഹം ‘വിസിറ്റിംങ്’ പ്രഫസറെപോലെയാണെന്ന് പരിഹസിക്കുകയും ചെയ്തു. ഹിമാചല്‍ പ്രദേശിലും രാഹുല്‍ ഗാന്ധി പ്രചരണത്തിനെത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തില്‍ പ്രചാരണം നടത്തുകയാണ് ഹിമന്ത ബിശ്വശര്‍മ.