അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകൾ ; വിജയിച്ച 88 ശതമാനവും പേരും കോടിപതികൾ
രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഫലം വന്നപ്പോൾ വിജയിച്ച 88 ശതമാനവും പേരും കോടിപതികളാണെന്ന് റിപ്പോർട്ട്. നാഷണൽ ഇലക്ഷൻ വാച്ചും, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റീഫോംസും ചേർന്ന് നടത്തിയ പഠനത്തിന്റെ ഭാഗമായി പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇതു വ്യക്തമാക്കുന്നത്. രാജസ്ഥാൻ, തെലങ്കാന, മിസോറാം, മധ്യപ്രദേശ്, ഛത്തിസ്ഗഢ് അസംബ്ലികളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ആകെ വിജയിച്ച 678 സ്ഥാനാർത്ഥികൾ സ്വയം ഇലക്ഷൻ കമ്മീഷന് മുന്നിൽ സമർപ്പിച്ച സത്യവാങ്മൂലങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഈ പഠനം.
തെരഞ്ഞെടുപ്പിൽ വിജയിച്ച 678 സ്ഥാനാർഥികളിൽ 595 പേരും കോടിപതികളാണ്. ഇത് ആകെ മത്സരിച്ചവരുടെ 88 ശതമാനം വരും. തെലങ്കാനയിലെ സ്ഥാനാർത്ഥികളാണ് ഈ പട്ടികയിൽ ഏറ്റവും മുകളിലുള്ളത്. പിന്നീട് മധ്യപ്രദേശും മിസോറാമും. ശതമാനക്കണക്കിൽ ഏറ്റവും കൂടുതൽ സമ്പന്നരായ സ്ഥാനാർഥികളുള്ളത് അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയായ എഐഎംഐഎമ്മിൽ നിന്നാണ്.
തെലങ്കാനയിൽ മാത്രം അവരുടെ ഏഴു സ്ഥാനാർത്ഥികൾ കോടിപതികളായിരുന്നു. അതേസമയം ബിജെപിയുടെ കാര്യമെടുത്താൽ, അഞ്ചു സംസ്ഥാനങ്ങളിലായി ബിജെപിയിൽ നിന്ന് ജയിച്ച 342 പേരിൽ 298 പേരും കോടിപതികളാണ്. അത് ബിജെപിയിൽ നിന്ന് വിജയിച്ചവരുടെ 87 ശതമാനം വരും. കോൺഗ്രസിൽ ജയിച്ച 235 സ്ഥാനാർഥികളിൽ 209 പേരും കോടിപതികളാണ്. ഇത് വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥികളുടെ 89 ശതമാനവും വരും.
വിജയിച്ച സ്ഥാനാർത്ഥികളുടെ ശരാശരി ആസ്തി, 14.26 കോടിയാണ്. ഈ പട്ടികയിലും മുൻപന്തിയിൽ തെലങ്കാന തന്നെയാണ്. തെലങ്കാനയിൽ 38.88 കോടി രൂപയാണ് വിജയിച്ചവരുടെ ശരാശരി വരുമാനം. ഇവിടെയും രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും, മധ്യപ്രദേശും മിസോറാമുമാണ്.