ഡൽഹിയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം; പിന്നിൽ ഹൈന്ദവ സംഘടനകൾ എന്ന് ആരോപണം
രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം. കഴിഞ്ഞ ദിവസം പ്രാർത്ഥനയ്ക്കിടെ മുദ്രാവാക്യങ്ങളുമായി അതിക്രമിച്ച് കയറിയ അക്രമികൾ പള്ളി അടിച്ചു തകർത്തു. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പള്ളിക്ക് പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. താഹിർപൂരിലെ ക്രിസ്ത്യൻ പള്ളിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു ആക്രമണം. ഒരു സംഘം ആളുകൾ സിയോൺ പ്രെയർ ഹൗസിലേക്ക് ഇരച്ചുകയറി ഹാൾ അടിച്ചുതകർക്കുകയും ഫർണിച്ചറുകളും സംഗീതോപകരണങ്ങളും വലിച്ചെറിയുകയുമായിരുന്നു. അതിനു പിന്നാലെ പ്രാർത്ഥനാ ഹാളിനുള്ളിൽ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
ആക്രമണത്തിന് പിന്നിൽ ഹിന്ദു സംഘടനകളാണെന്നാണ് ആരോപണം. വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദൾ അംഗങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പള്ളി അധികൃതർ പറയുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.