സുഡാനിലെ ഇന്ത്യൻ എംബസിക്ക് നേരെ അക്രമം; ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര ഇടപെടൽ


സൈന്യവും അർധസൈനിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്ന സുഡാനിലെ ഇന്ത്യൻ എംബസിക്ക് നേരെ അക്രമം. തങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സുഡാൻ ഭരണകൂടത്തോട് ആവശ്യപ്പെടുമെന്ന് എംബസി അറിയിച്ചു. അതേസമയം, എംബസി നിൽക്കുന്ന സ്ഥലങ്ങളിലേക്ക് പ്രവേശിക്കരുതെന്ന് നിർദേശം നൽകിയതായും സുഡാനിലെ ഇന്ത്യൻ എംബസി ഫേസ്ബുക്കിലൂടെ അറിയിച്ചു.
അതേസമയം, സുഡാൻ സംഘർഷത്തിൽ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ട്. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ സൗദി അറേബ്യ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളിലെ ഭരണകൂടവുമായി സംസാരിച്ചു. സുഡാൻ ഉൾപ്പെടുന്ന മേഖലയിലെ അറബ് രാജ്യങ്ങളുടെ സ്വാധീനം ഉപയോഗപ്പെടുത്താനാണ് കേന്ദ്ര നീക്കം.
അമേരിക്കയിലെയും ബ്രിട്ടനിലെയും സ്ഥാനപതിമാർ ഇരുരാജ്യങ്ങളിലെയും സർക്കാരുകളുമായി ആശയവിനിമയം നടത്തി. സൗദി അറേബ്യ, യുഎഇ, യുഎസ്, യുകെ, എന്നീ രാജ്യങ്ങളുമായി ഏകോപിച്ച് പ്രവർത്തിക്കാനാണ് നീക്കം. ഇതിനൊപ്പം യുഎൻ സഹായവും ഉപയോഗപ്പെടുത്തും. നിലവിൽ സുഡാനിലെ ഏറ്റുമുട്ടലുകളിൽ ഇതുവരെ 270 ൽ അധികം ആളുകൾ കൊല്ലപ്പെട്ടതായാണ് വിവരം. 2600ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.