കാസർകോട്ട് സിപിഎം പ്രവർത്തകന് നേരെ ആക്രമണം;നാല് ബിജെപി പ്രവർത്തകർ അറസ്റ്റിൽ

18 July 2023

കാസർകോട് : കാസർകോട്ട് സിപിഎം പ്രവർത്തകന് നേരെ ആക്രമണം. അത്തിക്കോത്തെ സിപിഎം ബ്രാഞ്ച് അംഗം കൃഷ്ണന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ നാല് ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തത്.
വൈകിട്ട് ആറരയോടെ, ഒരു കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സിപിഎം സ്ഥാപിച്ച കൊടിമരം ബിജെപി പ്രവർത്തകർ എടുത്തുമാറ്റാൻ ശ്രമിച്ചു. ഇത് ചോദ്യം ചെയ്തതാണ് പ്രശ്നത്തിലേക്ക് വഴിവെച്ചത്. ഇരുമ്പ് വടികൊണ്ടും ചില്ല് കുപ്പികൊണ്ടും കൃഷ്ണന് നേരെ ആക്രമണമുണ്ടായി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് കൃഷ്ണൻ. പരിക്കുകൾ ഗുരുതരമല്ല.