പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമവുമായി ഗുണ്ടാ നേതാവ്; കാലിൽ വെടിവച്ച് വീഴ്ത്തി വനിതാ എസ്‌ഐ
തമിഴ്‌നാട്ടിലെ ചെന്നൈയിൽ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഗുണ്ടാ നേതാവിന്റെ കാലിൽ വെടിവച്ച് വീഴ്ത്തി വനിതാ എസ്‌ഐ. ഇരുപതിലധികം കേസുകളില്‍ പ്രതിയായ ബന്ദു സൂര്യയെയാണ്(22) കഴിഞ്ഞ ദിവസം വനിത എസ് ഐയായ മീന കാലില്‍ വെടിവച്ച് വീഴ്ത്തിയത്. ഇന്നലെ രാവിലെയാണ് അയനാവരം സ്റ്റേഷൻ പരിധിയിൽ വച്ച് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ഇയാൾ നടത്തിയ ആക്രമണത്തിൽ രണ്ട് പൊലീസുകാർക്കും പരിക്കേറ്റു.
ഏറ്റുമുട്ടലിൽ കാലില്‍ വെടിയേറ്റ ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിനും കൈയിലും പരുക്കേറ്റ കോണ്‍സ്റ്റബിള്‍മാരും ചികിത്സയിലാണ്. കവര്‍ച്ച, പോലീസുകാർക്കെതിരായ ആക്രമണം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. അയനാവരം എസ്‌ഐ ശങ്കറിനെ ആക്രമിച്ച കേസിലായിരുന്നു പൊലീസ് ഇയാളെ തിരുവള്ളൂരില്‍ നിന്നും പിടികൂടിയത്.
തനിക്ക് മൂത്രം ഒഴിക്കണമെന്ന് പറഞ്ഞ് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ ഇയാള്‍ സമീപത്തെ കടയില്‍ നിന്നും കത്തി കൈക്കലാക്കി പൊലീസുക്കാരെ ആക്രമിക്കുകയായിരുന്നു. ശബ്ദം കേട്ടതിനെ തുടർന്ന് വാഹനത്തില്‍ നിന്ന് ഇറങ്ങിയ എസ്‌ഐ മീന ആദ്യം ആകാശത്തേക്ക് വെടിയുതിര്‍ത്ത് മുന്നറിയിപ്പ് നല്‍കി. എന്നാൽ അതിനെ വകവെക്കാതെ പ്രതി വീണ്ടും ഇവരെ ആക്രമിക്കുകയായിരുന്നു. ഇതോടെ മീന ഇയാള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.