ഭരണഘടന തകര്‍ത്ത് ഇന്ത്യന്‍ ദേശീയത ഹിന്ദുത്വ ദേശീയതയാക്കാനുള്ള ശ്രമം നടക്കുന്നു: സീതാറാം യെച്ചൂരി

single-img
19 February 2023

ഇന്ത്യന്‍ ദേശീയത, ഹിന്ദുത്വ ദേശീയത- ഇവ രണ്ടും രണ്ടാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിബിസി നടത്തിയ വെളിപ്പെടുത്തല്‍ ഇന്ത്യക്കെതിരായ നീക്കമെന്ന് വ്യാഖ്യാനിക്കുന്നു. അദാനിക്കെതിരെ വരുന്ന വാര്‍ത്തകളും ദേശീയതക്കെതിരെ എന്ന് പറയുന്നു. ഭരണഘടനാ സംരക്ഷണ സമ്മേളനത്തില്‍ കോഴിക്കോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി മുന്നോട്ടുവെക്കുന്ന ദേശീയത ഫാസിസത്തിന്റേതാണെന്നും ഇന്ത്യന്‍ ദേശീയത ഭരണഘടന നിഷ്‌കര്‍ഷിക്കുന്നതാണെന്നും യെച്ചൂരി പറഞ്ഞു. ദേശീയതലത്തിൽ ബിജെപിക്ക് അനുകൂലമായാണ് കോണ്‍ഗ്രസും നിലപാട് സ്വീകരിക്കുന്നത്. വൈവിധ്യമാണ് രാജ്യത്തിന്റെ കരുത്ത്. അത് തകര്‍ക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്.

രാജ്യത്തിന്റെ ഭരണഘടന തകര്‍ത്ത് ഇന്ത്യന്‍ ദേശീയത ഹിന്ദുത്വ ദേശീയതയാക്കാനുള്ള ശ്രമവും നടക്കുന്നു. എല്ലാ ബിജെപി ഭരണ സംസ്ഥാനങ്ങളും മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുകയാണ്. രണ്ടാം നിര പൗരന്മാരായാണ് ന്യൂനപക്ഷത്തെ അവര്‍ കാണുന്നതെന്നും യെച്ചൂരി കോഴിക്കോട് പറഞ്ഞു. സംസ്ഥാനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ കേന്ദ്രം കവരുകയാണ്. മാധ്യമങ്ങളെ ഇതിനായി ഉപയോഗിക്കുകയാണ്. എല്ലാ പൊതുസ്ഥാപനങ്ങളും സ്വകാര്യവത്ക്കരിക്കുന്നു. കേരളം ഉൾപ്പെടെയുള്ള ബിജെപി ഇതര സംസ്ഥാനങ്ങളെ കേന്ദ്രം വേര്‍തിരിവോടെയാണ് കാണുന്നത്. ഹിന്ദുത്വ കോര്‍പറേറ്റ് കൂട്ടുകെട്ടാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.