ന്യൂസ് ക്ലിക്കിനെതിരായ അന്വേഷണം പ്രകാശ് കാരാട്ടിലേക്കും നീട്ടാൻ ശ്രമം

single-img
3 October 2023

ഓൺലൈൻ മാധ്യമമായ ന്യൂസ് ക്ലിക്കിനെതിരെ നടക്കുന്ന അന്വേഷണത്തിൻറെ പരിധിയിൽ സിപിഎം മുൻ ജനറൽ സെക്രട്ടറിയായ പ്രകാശ് കാരാട്ടിനെ കൊണ്ടുവരാനും നീക്കം. സ്ഥാപനത്തിന് ഫണ്ട് നല്കിയെന്ന ആരോപണം നേരിടുന്ന വിദേശ വ്യവസായി നെവിൽ റോയി സിംഘത്തിനും കാരാട്ടിനും ഇടയിലെ ഇമെയിൽ സന്ദേശങ്ങൾ നേരത്തെ ചർച്ചയായിരുന്നു.

എന്നാൽ, വ്യക്തിപരമായ പരിചയത്തിൻറെ പേരിലുള്ള സന്ദേശങ്ങൾ മാത്രമെന്നാണ് കാരാട്ട് പാർട്ടിക്ക് നല്കിയ വിശദീകരണം. എന്നാലിത് അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരാനാണ് ഇഡി നീക്കം. ചൈനയോടൊത്തുള്ള അജണ്ട നടപ്പാക്കാൻ ന്യൂസ് ക്ലിക്കിന് പണം നല്കിയെന്ന ആരോപണം നേരിടുന്ന വ്യവസായി നെവിൽ റോയി സിംഘത്തിന് പ്രകാശ് കാരാട്ടുമായി ബന്ധമുണ്ടെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ ആരോപിച്ചിരുന്നു.

കേരളത്തിലെ സർക്കാരിനെ കുറിച്ചുൾപ്പടെ ഇമെയിലുകളിൽ പരാമർശിക്കുന്നു എന്നയിരുന്നു ബിജെപി എംപിയുടെ ആരോപണം. ചൈനീസ് അജണ്ട നടപ്പാക്കാനുള്ള സഹായം സിംഘം കാരാട്ടിനോട് തേടിയെന്നും റിപ്പോർട്ടുകൾ വന്നു. സിപിഎം പോളിറ്റ് ബ്യൂറോ ഈ വിഷയം ചർച്ച ചെയ്തിരുന്നു. ചൈനീസ് അജണ്ട നടപ്പാക്കുന്നതിനെക്കുറിച്ചോ സാമ്പത്തിക ഇടപാടുകളെ കുറിച്ചോ സിംഘത്തോട് സംസാരിച്ചിട്ടില്ലെന്നാണ് കാരാട്ട് വിശദീകരിച്ചത്.

ഇപ്പോഴത്തെ അന്വേഷണം കാരാട്ടിലേക്കും വ്യാപിപ്പിക്കാൻ നീക്കം നടന്നേക്കുമെന്ന സംശയം പാർട്ടിക്കുണ്ട് എന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, വിഷയത്തിൽ കാരാട്ടിനെതിരെ അന്വേഷണം തുടങ്ങിയതായി അറിവില്ലെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.