പാഠ പുസ്തകങ്ങളിൽ ഗാന്ധി വധം എന്നത് ഗാന്ധിയുടെ മരണം എന്ന് തിരുത്താൻ ശ്രമം തുടങ്ങിയിരിക്കുന്നു: മുഖ്യമന്ത്രി
കേന്ദ്രസർക്കാർ പിന്തുണയോടെ അധികാരത്തിൻ്റെ മറവിൽ സംഘപരിവാര്‍ സംഘടനകൾ ഭരണഘടനയെ വെല്ലുവിളിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി . രാജ്യത്ത് ഇപ്പോൾ അധികാരം കൈയാളുന്നത് ഇന്ത്യൻ സ്വാതന്ത്ര്യ പോരാട്ടത്തിൻ്റെ ഭാഗമാകാൻ വിസമ്മതിച്ചവരുടെ പിന്മുറക്കാരാണ്.ഭരണഘടനയുടെ അടിവേര് അറുക്കുന്ന നടപടികൾ അവർ നടത്തുന്നു.പൗരത്വ നിയമം പോലുള്ളവ നടപ്പാക്കുന്നത് വഴി ഭരണഘടനാ മൂല്യങ്ങൾ അട്ടിമറിക്കപ്പെടുന്നു.മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ അഭ്യന്തര ശത്രുക്കൾ ആയി സംഘ പരിവാര്‍ ചിത്രീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു . കേരള നവോത്ഥാന സമിതി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ, മതേതര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്ത് ആദ്യം മുത്തലാക്കിൻ്റെ പേരിൽ മുസ്ലിങ്ങളെ ജയിലിൽ അടയ്ക്കുന്ന സ്ഥിതി ഉണ്ടാക്കി.ബിജെപിയുടെ നേതാക്കൾ നേരിട്ട് ന്യൂനപക്ഷങ്ങൾക്ക് എതിരെ കലാപ ആഹ്വാനം നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.സമൂഹത്തിലെ ജാതി വിവേചനം, മത വിദ്വേഷം എന്നിവയുടെ ചങ്ങല കെട്ടുകൾ പൊട്ടിക്കാൻ ഭരണഘടനാ എന്ന ആയുധത്തിന് ശേഷിയുണ്ട്.രാജ്യത്തെ പാഠ പുസ്തകങ്ങളിൽ ഗാന്ധി വധം എന്നത് ഗാന്ധിയുടെ മരണം എന്ന് തിരുത്താൻ ശ്രമം തുടങ്ങിയിരിക്കുന്നു.അംബേദ്കർ ഭരണഘടനാ ശില്പി അല്ല എന്ന് വാദിക്കാൻ തുടങ്ങിയിരിക്കുന്നു.ഹിന്ദു എന്നതിന്‍റെ വിപരീത പദം മുസ്ലിം എന്ന് പഠിപ്പിച്ചു തുടങ്ങിയിരിക്കുന്നു.
നമ്മുടെ ഭരണഘടനാ തകർന്നാൽ രാഷ്ട്രത്തിൻ്റെ പരമാധികാരം വരെ തകരും.വ്യക്തി സ്വാതന്ത്ര്യവും തകരും.അതിലേക്ക് പോകാതെ സംരക്ഷിക്കണം.ഭരണഘടനയിൽ തൊട്ട് സത്യം ചെയ്ത് അധികാരം എൽക്കുന്നവർ വരെ അതിൻ്റെ മൂല്യങ്ങൾക്ക് എതിരെ അഭിപ്രായ പ്രകടനം നടത്തുന്നു.അതിലെ അപകടം വലുതാണ്.ലെജിസ്ലേ്ചർ എക്സിക്യുട്ടീവ്, ജുഡീഷ്യറി എന്നിവ പരസ്പരം മറികടക്കാതിരിക്കൻ ഉള്ള ചെക്ക് & ബാലൻസ് സംവിധാനം ഇവിടെയുണ്ട്.ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കും എന്ന് ആർഎസ്എസ് പ്രഖ്യാപിച്ചതാണ്.അത് ഭരണഘടനയ്ക്ക് എതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.