സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ഏറ്റെടുക്കാന്‍ ഔഷധി; വില തിട്ടപ്പെടുത്താന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി


പുതിയ ചികിത്സാ കേന്ദ്രത്തിന് അനുയോജ്യമായ സ്ഥലമെന്ന വിലയിരുത്തലിൽ സ്വാമി സന്ദീപാനന്ദ ഗിരിയുടെ തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന ആശ്രമം ഏറ്റെടുക്കാന്‍ തീരുമാനവുമായി ഔഷധി. ഇന്ന് ചേര്‍ന്ന ഔഷധി ഡയറക്ടര്‍ ബോര്‍ഡ് യോഗ തീരുമാന പ്രകാരം ആശ്രമത്തിന്റെ വില തിട്ടപ്പെടുത്താന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.
എന്നാൽ സന്ദീപാനന്ദഗിരിയുടെ ആശ്രമം ഔഷധി വാങ്ങുന്ന വിഷയം ഇതുവരെ സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയില്‍ വന്നിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഔഷധിയുടെ ഭരണസമിതി നിയമ വിധേയമായി ആലോചനകള്‍ നടത്താമെന്നും മന്ത്രി പറഞ്ഞു.
82 വര്‍ഷത്തെ പഴക്കവും പാരമ്പര്യവും ഉണ്ടെങ്കിലും ഇതുവരെ ആയുര്‍വേദ ചികിത്സ കേന്ദ്രമായ ഔഷധിയുടെ ചികിത്സാ പ്രവര്‍ത്തനം തൃശൂര്‍ ജില്ല വിട്ട് പുറത്തേക്ക് വ്യാപിച്ചിട്ടില്ല. നിലവിൽ തൃശൂര്‍ ചികിത്സ കേന്ദ്രത്തില്‍ തിരക്ക് അനുഭവപ്പെട്ട സാഹചര്യത്തിലും ആയുഷിന്റെ ഫണ്ട് ലഭിച്ചതിന് പിന്നാലെയുമാണ് കൂടുതല്‍ ചികിത്സ കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള തീരുമാനം പുനരാരഭിച്ചത്.
ചികിത്സയ്ക്കായി അടിസ്ഥാന സൗകര്യങ്ങളുള്ള കെട്ടിടങ്ങളാണ് ചികിത്സാ കേന്ദ്രത്തിനാവശ്യം. വാടകയ്‌ക്കോ വിലയ്‌ക്കോ സ്ഥലങ്ങള്‍ സ്വന്തമാക്കാനാണ് ചര്‍ച്ചയിലെ നിര്‍ദേശം. കഴിഞ്ഞദിവസം സന്ദീപാനന്ദഗിരിയുടെ ആശ്രമം ഔഷധി അധികൃതര്‍ സന്ദര്‍ശിച്ചിരുന്നു. സൗകര്യങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.