ഓസ്ട്രേലിയൻ ഓപ്പൺ; ഇന്ത്യയുടെ പി വി സിന്ധു പുറത്ത്
ഓസ്ട്രേലിയൻ ഓപ്പണിൽ ഇന്ത്യയുടെ പി വി സിന്ധു പുറത്ത്. യുഎസിന്റെ ബെയ്‌വന്‍ സാങ്ങിനോടായിരുന്നു പി വി സിന്ധു കീഴടങ്ങിയത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സിന്ധുവിൻ്റെ പരാജയം.
മത്സരത്തിലെ ആദ്യ ഗെയിമിൽ ബെയ്‌വൻ അനായാസം വിജയിച്ചു. രണ്ടാം ഗെയിമിൽ സിന്ധു തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും നടന്നില്ല. സ്കോർ 13-21, 17-21. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആദ്യമായാണ് സിന്ധുവും ബെയ്വാനും പരസ്പരം ഏറ്റുമുട്ടുന്നത്. ഇതേവരെ 10 തവണ ഇരുവരും ഏറ്റുമുട്ടിയതിൽ ആറിലും ജയം സിന്ധുവിനായിരുന്നു.
എന്നാൽ ഇത്തവണ മത്സരം വെറും 39 മിനിറ്റിൽ അവസാനിച്ചു. രണ്ടാം ഗെയിമിൽ 16-16 എന്ന് സ്കോർ സമനിലയിൽ എത്തിച്ചത് മാത്രമായിരുന്നു സിന്ധുവിൻ്റെ നേട്ടം. ആദ്യ റൗണ്ടിൽ അഷ്മിത ചാലിയയെയും പ്രീക്വാർട്ടറിൽ ആകർഷി കശ്യാപിനെയും കീഴടക്കിയായിരുന്നു സിന്ധു ക്വാർട്ടറിലെത്തിയത്. ഈ വർഷത്തെ ഏഴ് ടൂർണമെന്റുകളിൽ സിന്ധു ആദ്യ റൗണ്ടിൽ പരാജയപ്പെട്ടു.