തർക്കം പരിഹരിച്ചു; അവതാര്‍ 2 ഡിസംബര്‍ 16-ന് തന്നെ കേരളത്തിലും റിലീസ് ചെയ്യും
തീയേറ്റര്‍ ഉടമകളും വിതരണക്കാരും തമ്മിലുണ്ടായിരുന്ന തർക്കം പരിഹരിച്ചതിനാൽ ഹോളിവുഡ് ചിത്രമായ അവതാര്‍ 2 ലോകവ്യാപകമായി റിലീസ് ചെയ്യുന്ന ഡിസംബര്‍ 16-ന് തന്നെ ചിത്രം കേരളത്തിലും റിലീസ് ചെയ്യും. സിനിമ റിലീസ് ചെയ്ത് ആദ്യത്തെ രണ്ടാഴ്ച തീയേറ്ററുടമകൾക്ക് 45 ശതമാനവും വിതരണക്കാര്‍ക്ക് 55 ശതമാനവും എന്ന രീതിയിൽ വരുമാനം പങ്കിടാൻ ധാരണയുണ്ടാക്കിയാണ് പ്രശ്നം പരിഹരിച്ചത്.
പിന്നീടുള്ള സമയം തീയേറ്ററുടമകളും വിതരണക്കാരും വരുമാനം തുല്യമായി പങ്കിടും. കേരളത്തിൽ വിതരണക്കാർ കൂടുതൽ തുക ചോദിക്കുകയാണെന്നാരോപിച്ച് തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് തിയ്യറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് നേരത്തെ അറിയിച്ചിരുന്നു.
സംഘടനയുടെ പ്രതിഷേധത്തെ തുടര്‍ന്ന് നടത്തിയ ഒത്തു തീര്‍പ്പ് ചര്‍ച്ചയിലാണ് വരുമാനം പങ്കിടുന്നതു സംബന്ധിച്ച് ധാരണയിലെത്തിയത്. പ്രശസ്ത ഹോളിവുഡ് സംവിധായകൻ ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത് 2009-ൽ റിലീസ് ചെയ്ത അവതാര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് അവതാര്‍ ദ വേ ഓഫ് വാട്ടര്‍ എന്ന ചിത്രം.