രാഹുൽ ഗാന്ധിയുടെ ജയിൽ ശിക്ഷയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ നിരീക്ഷിക്കുന്നു: യുഎൻ സെക്രട്ടറി ജനറലിന്റെ വക്താവ്
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ രണ്ട് വർഷത്തെ തടവ് ശിക്ഷയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഐക്യരാഷ്ട്രസഭയ്ക്ക് അറിയാമെന്നും അദ്ദേഹത്തിന്റെ പാർട്ടി വിധിക്കെതിരെ അപ്പീൽ പോകാൻ പദ്ധതിയിടുന്നുണ്ടെന്നും യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് പറഞ്ഞു. ഇന്ത്യയിലെ “ജനാധിപത്യത്തെക്കുറിച്ച് ആശങ്കാകുലനാണോ? എന്ന ചോദ്യത്തോട് പ്രതികരിക്കവേ ആണ് യുഎൻ സെക്രട്ടറി ജനറലിന്റെ ഡെപ്യൂട്ടി വക്താവ് ഫർഹാൻ ഹഖ് ഇങ്ങനെ പറഞ്ഞത്.
“രാഹുൽ ഗാന്ധിയുടെ കേസുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളെക്കുറിച്ച് ഞങ്ങൾക്ക് അറിയാമെന്ന് എനിക്ക് പറയാൻ കഴിയും. തീരുമാനത്തിനെതിരെ അപ്പീൽ നൽകാൻ അദ്ദേഹത്തിന്റെ പാർട്ടി ആലോചിക്കുന്നതായി ഞങ്ങൾ മനസ്സിലാക്കുന്നു. ഈ ഘട്ടത്തിൽ എനിക്ക് അതിനെക്കുറിച്ച് പറയാൻ കഴിയുന്നത് ഇത്രമാത്രം,” ഹഖ് പറഞ്ഞു.
ഇന്നലെയാണ് മാനനഷ്ടക്കേസിൽ സൂറത്തിലെ കോടതി ഇന്നലെയാണ് രാഹുൽ ഗാന്ധിയ്ക്ക് 2 വർഷം തടവ് ശിക്ഷ വിധിച്ചത്. 2019ൽ ലോക്സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെ കർണാടകയിലെ കോലാറിൽ വച്ച് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെയാണ് പരാതി. മോദി സമുദായത്തെ ആകെ അപമാനിക്കുന്നതാണ് പരാമർശമെന്ന് ചൂണ്ടിക്കാട്ടി ബിജെപി എംഎൽഎയും മുൻമന്ത്രിയുമായ പൂർണേഷ് മോദിയാണ് പരാതിയിലാണ് സിജെഎം കോടതിയുടെ വിധി.
കോടതിയിലെത്തിയപ്പോൾ മാപ്പ് പറഞ്ഞ് കേസ് തീർക്കാൻ രാഹുലും തയ്യാറായില്ല. നാല് വർഷത്തോളം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എച്ച്എച്ച് വർമ്മ ശിക്ഷ വിധിച്ചത്. നിയമ നിർമ്മാണ സഭയിലെ അംഗം തന്നെയാണ് നിയമലംഘനം നടത്തിയതെന്നും പരമാവധി ശിക്ഷ നൽകണമെന്നുമുള്ള ആവശ്യമാണ് ശിക്ഷാ വിധിക്ക് മുന്നോടിയായുള്ള വാദത്തിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.