അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ: കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിലും പൊതു അവധി പ്രഖ്യാപിച്ചു
21 January 2024
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് പ്രമാണിച്ച് കോൺഗ്രസ് പാർട്ടി ഭരിക്കുന്ന ഹിമാചൽ പ്രദേശിലും പൊതു അവധി. ചടങ്ങ് നടക്കാനിരിക്കുന്ന നാളെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപി സംഘടിപ്പിക്കുന്ന രാഷ്ട്രീയ പരിപാടിയെന്ന് കോണ്‍ഗ്രസ് ഉയർത്തിയ വിമര്‍ശനം നിലനിൽക്കുന്നതിനിടെയാണ് അവധി പ്രഖ്യാപനം. രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ ആദ്യമായാണ് കോൺഗ്രസ് ഭരിക്കുന്ന സർക്കാർ അവധി പ്രഖ്യാപിക്കുന്നത്.
അതേസമയം ചടങ്ങിൻ്റെ ഭാഗമായി രാജ്യത്താകെ 11 സംസ്ഥാനങ്ങളാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അവധി പ്രഖ്യാപിച്ചതില്‍ ഭൂരിഭാഗവും ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളാണ്.
ഉത്തര്‍പ്രദേശ്, ഗോവ, ഹരിയാന, മധ്യപ്രദേശ്, അസം, ഒഡീഷ, ഛത്തീസ്ഗഢ്, ഗുജറാത്ത്, ത്രിപുര, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് 22ന് പൂര്‍ണമായോ ഭാഗികമായോ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.