ബാബാ സിദ്ദിഖിയുടെ കൊലപാതകം ആസൂത്രിതം; ഒരു മാസത്തിലധികം പ്രദേശത്ത് പ്രതികൾ നിരീക്ഷണം നടത്തി
മഹാരാഷ്ട്രയിലെ മുതിർന്ന എൻസിപി നേതാവായ ബാബാ സിദ്ദിഖിയുടെ കൊലപാതകം നടത്താൻ ഒരു മാസത്തിലധികമായി പ്രദേശത്ത് പ്രതികൾ നിരീക്ഷണം നടത്തി. ഒരു സാധാരണ ഓട്ടോയിലാണ് പ്രതികൾ എത്തിയത്. ബാബാ സിദ്ദിഖി വരുന്നത് വരെ പ്രതികൾ കാത്തിരുന്നെന്ന് മൊഴി.
കഴിഞ്ഞ ദിവസം രാത്രിയാണ് ബാബാ സിദ്ദിഖിയെ വെടിവെച്ച് കൊലപ്പെടുത്തിയത്. രണ്ട് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആകെ മൂന്ന് പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം. മൂന്നാമനായി അന്വേഷണം ഊർജിതമാക്കി. നേരത്തെ, 15 ദിവസങ്ങൾക്ക് മുമ്പ് ബാബാ സിദ്ദിഖിക്ക് വധഭീഷണി ലഭിച്ചിരുന്നു.
സംഭവത്തിൽ ലോറൻസ് ബിഷ്ണോയി ഉൾപ്പെടെയുള്ള ഗുണ്ടാസംഘങ്ങൾ സംശയനിഴലിലാണ്. ബാന്ദ്രാ ഈസ്റ്റിൽ മകനും എംഎൽഎയുമായ സീഷന്റെ ഓഫീസിനടുത്ത് ഇന്നലെയാണ് സംഭവം. വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ആളുകൾ പടക്കം പൊട്ടിക്കുന്നതിടെയാണ് വെടിവയ്പ് ഉണ്ടായത്. നാല് റൗണ്ട് വെടിയുതിർത്തു. നെഞ്ചിൽ വെടിയേറ്റ ബാബാ സിദ്ധിഖിയെ ഉടൻ ലീലാ വതി ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ അടക്കം ബോളിവുഡ് താരങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്ന നേതാവാണ് ബാബാ സിദ്ദിഖി. അക്രമി സംഘത്തിൽ മൂന്നുപേർ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു.