കോലിയെ കണ്ട് പഠിക്കണം; ബാബര്‍ അസമിന്റെ ദുര്‍വാശി പാക് ക്രിക്കറ്റിന്റെ ഭാവിയെ ദോഷകരമായി ബാധിക്കും: ഡാനിഷ് കനേരിയ

single-img
17 November 2022

പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ബാബര്‍ അസമിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി മുന്‍ പാക് താരം ഡാനിഷ് കനേറിയ. ബാബര്‍ അസമിന്റെ ദുര്‍വാശി പാക് ക്രിക്കറ്റിന്റെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്നും ബാബര്‍ ഇന്ത്യൻ ക്യാപ്റ്റനായിരുന്ന വിരാട് കോലിയെ കണ്ട് പഠിക്കണമെന്നും കനേറിയ പറഞ്ഞു.

ഇത്തവണത്തെ ടി20 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോട് പാകിസ്താന്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് കനേറിയയുടെ ഈ രൂക്ഷ വിമര്‍ശനം. ‘ ടീമിൽ താൻ വഹിക്കുന്ന ഓപ്പണറുടെ സ്ഥാനം മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്ന ദുര്‍വാശിയാണ് ബാബറിന്. ബാബർ കറാച്ചി കിംഗ്‌സില്‍ കളിക്കുമ്പോഴും ഇത് തന്നെയായിരുന്നു സ്ഥിതി. അദ്ദേഹത്തിന് മധ്യനിരയില്‍ കളിക്കാന്‍ കഴിയില്ല. ഇന്നിംഗ്‌സിന്റെ തുടക്കത്തിലുള്ള മെല്ലെപ്പോക്ക് പാകിസ്താന്‍ ക്രിക്കറ്റിന് ദോഷം ചെയ്യും’. കനേറിയ പറഞ്ഞു.

അതേസമയം, ഇന്ത്യയുടെ കോലി സ്വാര്‍ത്ഥതയില്ലാത്ത കളിക്കാരനാണെന്ന് കനേറിയ അഭിപ്രായപ്പെട്ടു. കോഹ്ലിയുടെ കീഴില്‍ ഇന്ത്യൻ ടീം ലോകകപ്പ് കൈവിട്ടപ്പോള്‍ അദ്ദേഹം ബലിയാടായി മാറിയിരുന്നു. ടീമിലെ അദ്ദേഹത്തിന്റെ സ്ഥാനംപോലും നിരവധി പേര്‍ ചോദ്യം ചെയ്തു. എന്നാൽ ആ സമയമൊന്നും അദ്ദേഹം പിന്മാറാന്‍ തയ്യാറായിരുന്നില്ല.

തെരഞ്ഞെടുക്കപ്പെട്ട പുതിയ ക്യാപ്റ്റന് എല്ലാ പിന്തുണയും നല്‍കിയ കോലി ടീമിൽ ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാന്‍ തയ്യാറായെന്നും കനേറിയ വ്യക്തമാക്കി. അതേസമയം, ഈ ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചുകൂട്ടിയ ബാറ്റ്‌സ്മാന്‍ വിരാട് കോഹ്ലിയായിരുന്നു.