അമ്മയുടെ ഭാരവാഹി സ്ഥാനം ഒഴിയാനൊരുങ്ങി ഇടവേള ബാബുവും മോഹൻലാലും


മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഭാരവാഹി സ്ഥാനം ഒഴിയാനൊരുങ്ങി നടൻ ഇടവേള ബാബുവും മോഹൻലാലും . സംഘടനയുടെ ഭാരം ഒറ്റയ്ക്ക് ചുമക്കേണ്ടി വരുന്നത് മൂലമാണ് കാൽനൂറ്റാണ്ടായി വിവിധ സ്ഥാനങ്ങളിലായി അമ്മയെ നയിച്ച ഇടവേള ബാബു സ്ഥാനത്ത് നിന്ന് ഒഴിയുന്നത് എന്നാണ് സൂചന. ഇതോടൊപ്പം നടൻ മോഹൻലാലും പ്രസിഡന്റ് സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.
ഈമാസം തന്നെ നടക്കുന്ന പൊതുയോഗത്തിൽ വലിയ സ്ഥാനമാറ്റങ്ങളുണ്ടാകും. കഴിഞ്ഞ തവണയും ഇടവേള ബാബു സ്ഥാനമൊഴിയാൻതയ്യാറായെങ്കിലും മമ്മൂട്ടിയുടെ നിർബന്ധത്തെ തുടർന്ന് അദ്ദേഹം തീരുമാനം മാറ്റുകയായിരുന്നു.
കഴിഞ്ഞ 24 വർഷം അമ്മയുടെ സെക്രട്ടറി, ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സംഘടനയെ നയിച്ചതിന് ഇടവേള ബാബുവിനെ പൊതുയോഗത്തിൽ വെച്ച് മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ആദരിച്ചിരുന്നു. ജൂൺ 30ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ വെച്ചാണ് അമ്മയുടെ പൊതുയോഗം നടക്കുക. ജൂൺ മൂന്നുമുതൽ പത്രികകൾ സ്വീകരിക്കും.