ചൈനീസ് ജി20 പ്രതിനിധിയുടെ ബാഗ് പരിശോധന; ഡൽഹി ഹോട്ടലിൽ ഉണ്ടായത് നാടകീയ സംഭവങ്ങൾ
ഇത്തവണത്തെ ജി20 ഉച്ചകോടിക്കായി ഡൽഹിയിൽ എത്തിയ ചൈനീസ് പ്രതിനിധി സംഘത്തിലെ അംഗത്തിന്റെ ബാഗ് പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് തലസ്ഥാനത്തെ ഹോട്ടലിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയതായി റിപ്പോർട്ടുകൾ.
ഒരു പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചാണ് ഈ സംഭവ വികാസങ്ങൾ നടന്നതെന്നാണ് വിവരം. നഗരത്തിലെ നയതന്ത്ര കേന്ദ്രമായ ചാണക്യപുരിയിലെ താജ് പാലസ് ഹോട്ടലിലാണ് ചൈനീസ് പ്രതിനിധികൾ താമസിച്ചിരുന്നത്. ചൈനീസ് പ്രതിനിധി സംഘത്തിലെ അംഗമായ വ്യക്തി ഹോട്ടലിലേക്ക് ഒരു ബാഗ് കൊണ്ടുവന്നിരുന്നു. ഈ ബാഗ് പരിശോധിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടപ്പോൾ അവർ അത് നിരസിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.
എന്നാൽ സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ച് ബാഗ് പരിശോധിക്കണമെന്ന് പോലീസ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ചൈനീസ് പ്രതിനിധി അനുവദിക്കാതിരുന്നത് ബഹളത്തിനിടയാക്കി. അവസാനം ബാഗ് പരിശോധിക്കാതെ പ്രതിനിധി സംഘത്തിലെ അംഗം ചൈനീസ് എംബസിയിലേക്ക് മടങ്ങാൻ തീരുമാനിച്ചുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ബാഗിന്റെ ഉള്ളടക്കം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.
എന്നാൽ അതിനുശേഷം , കൂടുതൽ ചൈനീസ് പ്രതിനിധികൾ ഹോട്ടലിലെത്തിയെങ്കിലും അവർ ബാഗുകൾ പരിശോധിക്കുന്നത് എതിർക്കാതെ പരിശോധനയുമായി സഹകരിച്ചുവെന്നും പോലീസ് വ്യക്തമാക്കി. ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ സെപ്റ്റംബർ 9-10 തീയതികളിലാണ് പ്രഗതി മൈതാനിലെ ഭാരത് മണ്ഡപം കൺവെൻഷൻ ഹാളിലാണ് ജി20 ഉച്ചകോടി നടന്നത്.